പുറത്തിറങ്ങിയെങ്കിലും ദിലീപിനെതിരെ കരുക്കൾ നീക്കി അന്വേഷണ സംഘം: എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേർന്നു

single-img
5 October 2017

 

 

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യത്തിലിറങ്ങിയതിനെ തുടര്‍ന്ന് എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ബുധനാഴ്ച രാത്രി ആലുവ പോലീസ് ക്ലബ്ബിലായിരുന്നു യോഗം. ഗൂഢാലോചന കുറ്റം സംബന്ധിച്ച കുറ്റപത്രം സമ്മര്‍പ്പിക്കുന്നതിനെപ്പറ്റി ചര്‍ച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ.
ജാമ്യം ലഭിച്ച സാഹചര്യത്തിൽ ദിലീപിനെതിരെ തിടുക്കപ്പെട്ട് കുറ്റപത്രം നൽകേണ്ടതില്ലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. ദിലീപ് ജയിലിലായിട്ട് 90 ദിവസം പൂർത്തിയാകുന്ന ഒക്‌ടോബർ എട്ടിന് മുമ്പ് കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു നേരത്തേ പൊലീസ്. ഇത്തരത്തിൽ കുറ്റപത്രം സമർപ്പിച്ചാൽ സ്വാഭാവിക ജാമ്യത്തിനുള്ള അവസരം ഇല്ലാതാകുമായിരുന്നു. അതിനു മുമ്പേ ജാമ്യം ലഭിച്ച സാഹചര്യത്തിൽ തിടുക്കപ്പെട്ട് ഒന്നും ചെയ്യേണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

കേസിലെ പ്രധാന തൊണ്ടിയായ മൊബൈൽഫോണും യഥാർത്ഥ മെമ്മറികാർഡും കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുറ്റപത്രം നൽകിയാലും അന്വേഷണം അവസാനിപ്പിക്കില്ല. ഇത് കുറ്റപത്രത്തിൽ പ്രത്യേകം പരാമർശിക്കും.

കേസിൽ ദിലീപിന്റെ മുൻ ഭാര്യ മഞ്ജുവാര്യർ മുഖ്യസാക്ഷിയായിരിക്കും. മജിസ്ട്രേട്ടിന് മുമ്പിൽ രേഖപ്പെടുത്തിയ 24 പേരുടെ രഹസ്യമൊഴിയാണ് മറ്റൊരു പ്രധാന ഘടകം. ഇത് മുഴുവൻ ദിലീപിനെതിരെയുള്ള തെളിവുകളാണെന്നാണ് അന്വേഷണസംഘത്തിന്റെ അവകാശവാദം. പ്രോസിക്യൂട്ട് ചെയ്യപ്പെടുമെന്നതിനാൽ രഹസ്യമൊഴി വിചാരണ വേളയിൽ സാധാരണയായി ആരും മാറ്റിപ്പറയാറില്ല.

വിചാരണവേളയിൽ ഏറ്റവുമധികം വാദത്തിന് ഇ‌ടയാക്കുന്നത് ദൃശ്യങ്ങൾ പകർത്തിയ മൊബൈൽഫോൺ കണ്ടെത്താത്തതിനെ ചൊല്ലിയായിരിക്കും. പ്രോസിക്യൂഷൻ നേരിടേണ്ടിവരുന്ന പ്രധാന പ്രതിസന്ധിയും ഇതായിരിക്കും.

മുഖ്യപ്രതിക്കെതിരെ ചുമത്തിയ മാനഭംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ദിലീപിനെതിരെ ചുമത്തിയിട്ടുണ്ടെങ്കിലും ഇത് നിലനിൽക്കുമോയെന്നതും തർക്കവിഷയമാണ്. അശ്ളീല ദൃശ്യങ്ങൾ പകർത്താൻ ദിലീപ് ക്വട്ടേഷൻ നൽകിയെന്നാണ് പ്രോസിക്യൂഷൻ ആരോപണം. അതിനാൽ മാനഭംഗക്കുറ്റം എങ്ങനെ നിലനിൽക്കുമെന്നാണ് പ്രതിഭാഗം ഉന്നയിക്കുക.