ഏത് ആക്രമണവും നടത്താന്‍ ഇന്ത്യന്‍ വ്യോമസേന സജ്ജമെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ

single-img
5 October 2017

ഒരേസമയം ദ്വിമുഖ യുദ്ധത്തിന് സേന തയാറാണെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ. ശത്രുക്കളെ കണ്ടെത്തുന്നതിനും അതിര്‍ത്തിയിലെ ഏത് സ്ഥലത്തും ആക്രമണം നടത്തുന്നതിനും സേന സുസജ്ജമാണ്.

അതേക്കുറിച്ച് ആശങ്ക വേണ്ടെന്നും ധനോവ കൂട്ടിച്ചേര്‍ത്തു. സമാധാന സമയത്ത് പോലും സൈനികരുടെ ജീവന്‍ നഷ്ടമാവുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2032ഓടെ വ്യോമസേനയ്ക്ക് 42 യുദ്ധവിമാനങ്ങള്‍ കൂടി കിട്ടുമെന്നും ധനോവ പറഞ്ഞു.

ചൈനയോടും പാക്കിസ്ഥാനോടും ഒരുപോലെ യുദ്ധം നടത്താന്‍ വ്യോമസേന തയാറാണ്. ഏതു വെല്ലുവിളിയും ഏറ്റെടുക്കും. ചൈനയെ നേരിടാന്‍ ആവശ്യമായ കഴിവു നമുക്കുണ്ടെന്നും ധനോവ പറഞ്ഞു.

അതേസമയം, വ്യോമസേന ഉള്‍പ്പെടുന്ന മിന്നലാക്രമണം സംബന്ധിച്ച കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേനാ ദിനത്തോട് അനുബന്ധിച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ധനോവ.

അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ദ്വിമുഖ യുദ്ധത്തിന് രാജ്യം തയ്യാറാവണമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. ചൈനയേയും പാകിസ്ഥാനേയും ഉദ്ദേശിച്ചായിരുന്നു കരസേനാ മേധാവിയുടെ പ്രസ്താവന.