ജനരക്ഷാ യാത്ര വിലാപയാത്രയായെന്ന് ചെന്നിത്തല; യാത്ര കേരളത്തിനെതിരെയല്ലെന്ന് കുമ്മനം

single-img
5 October 2017

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര വിലാപയാത്രയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ ഫ്യൂസ് പോയെന്നും ചെന്നിത്തല പരിഹസിച്ചു. അമിത് ഷായ്ക്കു പരിപ്പ് വേവില്ലെന്ന് ബോധ്യമായെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം ജനരക്ഷായാത്ര കേരളത്തിനെതിരെയല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കേരളത്തിലെ സര്‍ക്കാരിനെതിരെയാണ് ബി.ജെ.പിയുടെ യാത്ര. അണികള്‍ നഷ്ടപ്പെടുന്നതാണ് സി.പി.എമ്മിനെ അസ്വസ്ഥമാക്കുന്നത് എന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

അമിഷ്ഷായുടെ അഭാവത്തില്‍ പതിനൊന്നേകാലോടെ മമ്പറത്തുനിന്ന്് കുമ്മനത്തിന്റെ നേതൃത്വത്തില്‍ പദയാത്ര തുടങ്ങി. പിണറായി വഴി തലശേരിയിലേക്ക് ഇന്ന് 12 കിലോ മീറ്ററാണ് ജനരക്ഷായാത്രയുടെ ഭാഗമായുളള പദയാത്ര.

ഇന്ന് പിണറായിലൂടെ കടന്നു പോകുന്ന ജനരക്ഷാ യാത്രയില്‍ അമിത് ഷാ പങ്കെടുക്കുമെന്ന് ബിജെപി നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ തുടരണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അമിത് ഷാ ഇന്നത്തെ ജനരക്ഷാ യാത്ര റദ്ദാക്കിയിരുന്നു.