മോദിക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന ബിജെപി നേതാവ്: ‘മോദിയുടെ സാമ്പത്തിക നയം അടുത്ത തെരഞ്ഞെടുപ്പില്‍ ജനം വിലയിരുത്തും’

single-img
5 October 2017

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ വീണ്ടും രംഗത്ത്. നരേന്ദ്രമോദിയുടെ സാമ്പത്തിക നയം അടുത്ത തെരഞ്ഞെടുപ്പില്‍ ജനം വിലയിരുത്തുമെന്ന് യശ്വന്ത് സിന്‍ഹ വ്യക്തമാക്കി.

യുപിഎ സര്‍ക്കാരിനെ ജനം താഴെയിറക്കിയത് മോദി ഓര്‍ക്കണമെന്നും യശ്വന്ത് സിന്‍ഹ മുന്നറിയിപ്പു നല്‍കി. ചില ശല്യക്കാര്‍ക്ക് ദോഷചിന്തയും നിരാശയും പ്രചരിപ്പിച്ചില്ലെങ്കില്‍ ഉറക്കം വരില്ലെന്ന് കഴിഞ്ഞ ദിവസം മോദി പറഞ്ഞിരുന്നു. ഇതിനു മറുപടിയുമായാണ് യശ്വന്ത് സിന്‍ഹ വീണ്ടും രംഗത്ത് എത്തിയത്.

ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ് താന്‍ ചെയ്യുന്നത്. അതിന് ഇത്തരത്തില്‍ വ്യക്തിപരമായല്ല മറുപടി പറയേണ്ടതെന്നും സിന്‍ഹ പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിന്റെ മാത്രം ഫലം നോക്കിയല്ല തന്റെ വിമര്‍ശനം.

അഞ്ചോ ആറോ പാദങ്ങളായി സാമ്പത്തിക രംഗത്ത് മുരടിപ്പ് അനുഭവപ്പെടുന്നുണ്ടെന്നും കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ ഇത് 5.7 ആയിരുന്നുവെന്നും സിന്‍ഹ പറഞ്ഞു. സാമ്പത്തിക മാന്ദ്യം ചൂണ്ടിക്കാട്ടി തനിക്കെതിരെ രംഗത്തുവന്നവരെ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി നേരിട്ടിരുന്നു.

ഒരു പാദത്തില്‍ വളര്‍ച്ച കുറഞ്ഞത് സാമ്പത്തിക തളര്‍ച്ചയായി കാണരുതെന്നും എല്ലാ രംഗങ്ങളിലും ഇന്ത്യ മുന്നോട്ടാണെന്നും മോദി പറഞ്ഞിരുന്നു.