യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിൽ; ബിജെപിയുടെ ജനരക്ഷായാത്രയിൽ പങ്കെടുക്കും

single-img
4 October 2017

കണ്ണൂർ∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിൽ എത്തും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയിൽ യോഗി ആദിത്യനാഥ് പങ്കെടുക്കും. കീച്ചേരി മുതൽ കണ്ണൂർ വരെയുള്ള പദയാത്രയിലാണ് അദ്ദേഹം പങ്കെടുക്കുക. വൈകിട്ട് കണ്ണൂരിൽ നടക്കുന്ന പൊതു സമ്മേളനത്തിലും യോഗി പ്രസംഗിക്കും.

യോഗിയെ കൂടാതെ കേന്ദ്രമന്ത്രിമാരായ അൽഫോൻസ് കണ്ണന്താനം, ശിവപ്രതാപ് ശുക്ല, ബിജെപി ന്യൂഡൽഹി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി, എംപിമാരായ സുരേഷ് ഗോപി, റിച്ചാർഡ് ഹേ എന്നിവരും പദയാത്രയിൽ പങ്കെടുക്കും.

അതേസമയം ഇന്നലത്തെ പദയാത്രയ്ക്കു ശേഷം മംഗലാപുരത്തേക്കു തിരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് അമിത് ഷാ നാളെ ഇവിടേയ്ക്ക് തിരിച്ചെത്തും. മമ്പറത്തു നിന്നാരംഭിച്ച് പിണറായി വഴിയുള്ള പദയാത്രയിൽ അദ്ദേഹം പങ്കെടുക്കും.

ഇന്നു രാവിലെ 9.30ന് കീച്ചേരിയിൽ നിന്നാരംഭിക്കുന്ന യാത്ര കണ്ണൂരിൽ സമാപിക്കും. വൈകിട്ട് 5.30ന് സ്റ്റേഡിയം കോർണറിൽ പൊതുയോഗം. നാളെ മമ്പറത്തു നിന്നാരംഭിക്കുന്ന പദയാത്ര പിണറായി വഴി തലശ്ശേരിയിൽ സമാപിക്കും. വൈകിട്ട് 5.30ന് തലശ്ശേരിയിൽ പൊതുസമാപനം. ആറിനു പാനൂരിൽ നിന്നാരംഭിക്കുന്ന പദയാത്ര കൂത്തുപറമ്പിൽ സമാപിക്കുന്നതോടെ ജില്ലയിലെ പര്യടനം അവസാനിക്കും.