ആശുപത്രികള്‍ കാര്യക്ഷമമായി എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന് കേരളം ഉത്തര്‍ പ്രദേശിനെ കണ്ട് പഠിക്കണമെന്ന് യോഗി ആദിത്യനാഥ്‌

single-img
4 October 2017

കേരളത്തിലെ ആശുപത്രികള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനരീതികള്‍ പഠിക്കാന്‍ ക്ഷണിച്ച സിപിഎമ്മിന് മറുപടിയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആശുപത്രികള്‍ എങ്ങനെയാണ് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കേണ്ടതെന്ന് കേരളം ഉത്തര്‍ പ്രദേശിനെ കണ്ട് പഠിക്കണമെന്ന് ആദിത്യനാഥ് പറഞ്ഞു.

കഴിഞ്ഞ ഒരുവര്‍ഷം കേരളത്തില്‍ ഡെങ്കിപ്പനി ബാധിച്ച് മൂന്നൂറോളം പേരാണ് മരിച്ചത്. വലിയ സംസ്ഥാനമായ യുപിയില്‍ ഡെങ്കിപ്പനി ബാധിച്ചുള്ള മരണം കേരളത്തേക്കാള്‍ കുറവാണ്. ചിക്കന്‍ഗുനിയ മൂലം കേരളത്തില്‍ ധാരാളം ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ ആരും മരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ദേശീയ ചാനലായ ടൈംസ് നൗവിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ആദിത്യനാഥിന്റെ പ്രതികരണം.

നേരത്തെ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്നു കണ്ടുപഠിക്കണമെന്നു പറഞ്ഞ സിപിഎം, യോഗിയെ ട്വിറ്ററിലൂടെയാണ് സ്വാഗതം ചെയ്തത്. ഓക്‌സിജന്‍ ലഭ്യതക്കുറവുമൂലം യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരിലെ ബാബാ രാഘവ ദാസ് (ബിആര്‍ഡി) സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ അറുപതിലേറെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഎമ്മിന്റെ ട്രോള്‍.