സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്: നിയമോപദേശം തേടാന്‍ മന്ത്രിസഭാ തീരുമാനം

single-img
4 October 2017

സോളാര്‍ അഴിമതി അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശം തേടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അഡ്വക്കേറ്റ് ജനറലിന്റെയും പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെയും നിയമോപദേശം കിട്ടിക്കഴിഞ്ഞാല്‍ റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ സമര്‍പ്പിക്കുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യും.

നാല് വാള്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ട് ലഭിച്ച കാര്യം മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ അറിയിച്ചു. സെപ്തംബര്‍ 26 നാണ് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍ ഒരു ഭാഗത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനെ കുറിച്ചാണ് പറയുന്നത്.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും യുഡിഎഫിനും നിര്‍ണായകമാണ് സോളാര്‍ റിപ്പോര്‍ട്ട്. സോളാര്‍ അഴിമതിയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉള്ളതായാണ് സൂചന.

കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ ഭാഗത്തും വീഴ്ച ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിലവിലെ നിയമങ്ങള്‍ തട്ടിപ്പുകള്‍ തടയാന്‍ അപര്യാപ്തമാണെന്ന് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.