അരിയില്‍ ഷുക്കൂര്‍ വധക്കേസ്: ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യമെന്ന് സുപ്രീംകോടതി

single-img
4 October 2017

അരിയില്‍ ഷുക്കൂര്‍ വധക്കേസ് അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യമെന്നു സുപ്രീം കോടതി. ഹൈക്കോടതിയുടെ ഭാഗത്തു നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത് തെറ്റാണെന്നും ഇത്തരം പരാമര്‍ശങ്ങള്‍ വിചാരണയെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് നല്‍കിയ ഹര്‍ജി അംഗീകരിച്ച് ജസ്റ്റിസ് ബി. കെമാല്‍പാഷയാണ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. കണ്ണൂരിലെ സിപിഎം നേതാക്കള്‍ രാജാക്കന്‍മാരെ പോലെ അപ്രമാദിത്വത്തോടെ ജീവിക്കുന്നുവെന്നും സ്വയം പ്രഖ്യാപിത രാഷ്ട്രീയ ഗുണ്ടകള്‍ വിളയാടുമ്പോള്‍ കണ്ണടയ്ക്കാനാകില്ലെന്നുമായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശം.

ഗൂഡാലോചനയില്‍ അന്വേഷണം നേരിടുന്ന പി ജയരാജന്‍ വിധിക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലിലാണ് വിവാദ പരാമര്‍ശങ്ങളെ ചോദ്യം ചെയ്തത്. പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്നും വിചാരണയെ സ്വാധീനിക്കാന്‍ സാധ്യത ഉണ്ടെന്നും ജസ്റ്റിസുമാരായ കുര്യന്‍ ജോസഫും ആര്‍ ഭാനുമതിയും ചൂണ്ടിക്കാട്ടി.

സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത് ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കും. സിബിഐ അന്വേഷണത്തിലെ പുരോഗതി അടക്കമുള്ള കാര്യങ്ങള്‍ അറിയുന്നതിനായി കോടതി സിബിഐക്ക് നോട്ടീസയച്ചു.

അരിയില്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകര്‍ ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയി പാര്‍ട്ടി ഗ്രാമത്തിലെ വയലില്‍ നിര്‍ത്തി പരസ്യമായി വെട്ടിക്കൊന്നുവെന്നാണ് കേസ്.