രാജ്യത്ത് വളര്‍ച്ചാ നിരക്ക് വീണ്ടും കുറയുമെന്ന് റിസര്‍വ് ബാങ്ക്

single-img
4 October 2017

റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് 6 ശതമാനമായി തുടരും. റിവേഴ്‌സ് റിപ്പോ നിരക്ക് നിലവില്‍ 5.75 ശതമാനമാണ്. ഇതും അതേപടി നിലനിര്‍ത്താന്‍ റിസര്‍ബാങ്ക് അവലോകനയോഗം തീരുമാനിച്ചതായി ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അറിയിച്ചു.

അഞ്ചംഗ ആര്‍ബിഐ മോണിട്ടറി പോളിസി കമ്മിറ്റി അംഗങ്ങള്‍ വോട്ടെടുപ്പിലൂടെയാണ് പലിശ നിരക്ക് അതേപടി നിലനിര്‍ത്താന്‍ തീരുമാനിച്ചത്. നാല് അംഗങ്ങള്‍ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് ആവശ്യപ്പെട്ടു. അതേസമയം ഒരംഗം 25 പോയിന്റ് കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

അതിനിടെ, രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക ആശങ്ക കൂടുതല്‍ വ്യക്തമാക്കി വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ആര്‍ബിഐ പ്രവചനം. വളര്‍ച്ചാ നിരക്ക് 6.7 ശതമാനമായി കുറയുമെന്നാണ് ആര്‍ബിഐ പ്രവചിച്ചിരിക്കുന്നത്.

7.3 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടല്‍. മാത്രമല്ല നാണ്യപെരുപ്പം ഇനിയും കൂടുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ വ്യക്തമാക്കി.