പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ തീവ്രവാദസംഘടനയായി പ്രഖ്യാപിച്ചേക്കും

single-img
4 October 2017

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും അനുബന്ധ സംഘടനകള്‍ക്കും നിരോധനമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന കാരണം പറഞ്ഞാണ് നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ആഭ്യന്തരമന്ത്രാലയം യോഗം ചേര്‍ന്നിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.), കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ എന്നിവയിലെ ഉന്നതരും കഴിഞ്ഞയാഴ്ച യോഗം ചേര്‍ന്ന് നിരോധനവിജ്ഞാപനം ഇറക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. നടപടി കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നതിനാല്‍ പഴുതുകളില്ലാതെ വിജ്ഞാപനം തയ്യാറാക്കാനാണ് നിര്‍ദേശം.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ബി.ജെ.പി.യും സംഘപരിവാര്‍ സംഘടനകളും ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയാണ്. തങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരേ നടന്ന പല അക്രമങ്ങള്‍ക്ക് പിന്നിലും ഈ സംഘടനയ്ക്ക് പങ്കുണ്ടെന്നാണ് അവരുടെ ആരോപണം.

എന്നാല്‍, ദേശവിരുദ്ധമായ യാതൊരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ 10 കേസുകള്‍ മാത്രമാണ് തങ്ങള്‍ക്കെതിരേ ഉള്ളതെന്നും പോപ്പുലര്‍ ഫ്രണ്ട് വിശദീകരിച്ചിരുന്നു. എന്‍.ഐ.എ.യ്ക്കുപുറമേ കേരളം, കര്‍ണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ പോലീസും അന്വേഷിക്കുന്ന ഭീകരവാദക്കേസുകള്‍ മുന്‍നിര്‍ത്തിയാണ് നടപടിക്ക് നീക്കം.