പെട്രോളില്‍ നിന്നുളള നികുതി വരുമാനം കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍

single-img
4 October 2017

പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. ഇന്ധനങ്ങളുടെ വാറ്റ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിമാര്‍ക്ക് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കത്തയച്ചു.

വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ രണ്ട് രൂപ കുറച്ചതിനു പിന്നാലെയാണ് സംസ്ഥാനങ്ങളോട് വാറ്റ് കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

25 മുതല്‍ 49 ശതമാനം വരെയാണു വിവിധ സംസ്ഥാനങ്ങള്‍ ഇന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നികുതി. ഇത് ഒഴിവാക്കിയാല്‍ സംസ്ഥാനങ്ങളുടെ നികുതി വരുമാനം കുത്തനെ ഇടിയും.

മൂന്നു വര്‍ഷത്തിനുള്ളില്‍ പെട്രോള്‍ ലിറ്ററിനു 12 രൂപയും ഡീസല്‍ ലിറ്ററിന് 14.27 രൂപയുമാണു കേന്ദ്രം വര്‍ധിപ്പിച്ചത്. ആഗോളവിപണിയില്‍ 115 ഡോളറില്‍നിന്ന് 22 ഡോളറിലേക്ക് ഒരുവീപ്പ ക്രൂഡ് ഓയിലിനു വില കുറഞ്ഞ സാഹചര്യം മുതലെടുത്താണു കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കൂട്ടിപ്പോന്നത്.

2014 നവംബര്‍ മുതല്‍ ഒമ്പതു തവണ ഡ്യൂട്ടി കൂട്ടി. മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ഇവയുടെ വിലവര്‍ധന തടയാന്‍വേണ്ടി ഡ്യൂട്ടി കുറച്ചിരുന്നു. ഡീസലിനു 3.56 രൂപയും പെട്രോളിന് 9.48 രൂപയുമായിരുന്നു അന്ന്. അത് ഡീസലിന് 17.33 രൂപയും പെട്രോളിന് 21.48 രൂപയുമായി മോദി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇതാണ് ഇപ്പോള്‍ രണ്ടു രൂപ വീതം കുറച്ചത്.