കീടനാശിനി ശ്വസിച്ച് മഹാരാഷ്ട്രയില്‍18 കര്‍ഷകര്‍ മരിച്ചു; 467 പേര്‍ ആശുപത്രിയില്‍, മരണ സംഖ്യ ഇനിയും കൂടാൻ സാധ്യത

single-img
4 October 2017

നാഗ്പുര്‍: കര്‍ഷക ആത്മഹത്യയുടെ പേരില്‍ വാര്‍ത്തകളില്‍ നിറയാറുള്ള മഹാരാഷ്ട്രയുടെ യവാത്മല്‍ ജില്ലയില്‍ വിളകള്‍ക്ക് അടിക്കുന്ന കീടനാശിനി ശ്വസിച്ച് 18 കര്‍ഷകര്‍ മരിച്ചു. 467-ഓളം പേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍കള്‍ക്കുള്ളിലാണ് പരുത്തിച്ചെടികള്‍ക്കടിക്കുന്ന കീടനാശിനി ശ്വസിച്ച് ഇത്രയും മരണം സംഭവിച്ചത്. മരണ സംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

യവാത്മല്‍ ജില്ലയിലെ പ്രധാന കാര്‍ഷിക വിളയായ പരുത്തിയെ കീടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ‘പ്രൊഫെക്‌സ് സൂപ്പര്‍’ എന്ന കീടനാശിനിയാണ് കര്‍ഷകരുടെ മരണത്തിന് ഇടയാക്കിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

 

ചില കര്‍ഷകര്‍ക്ക് വിഷബാധയേറ്റ് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം പരുത്തി ചെടികളില്‍ ഈ വര്‍ഷം വെള്ളീച്ചയുടെയും മറ്റു കീടങ്ങളുടെയും ആക്രമണം വളരെ കൂടുതലാണ്. ഈ കീടങ്ങളില്‍ നിന്ന് വിളകളെ രക്ഷിക്കുന്നതിന് വീര്യം കൂടിയ കീടനാശിനികള്‍ തുടര്‍ച്ചയായി പ്രയോഗിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുന്നു. ഇത്തരം കീടനാശിനികള്‍ പ്രയോഗിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ കര്‍ഷകര്‍ സ്വീകരിക്കാറുമില്ല. ഇതാണ് അപകടം രൂക്ഷമാകാന്‍ ഇടയാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കീടനാശിനി ശ്വസിച്ച് മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം സഹായധനം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പ്രഖ്യാപിച്ചിട്ടുണ്ട്.