പുലർച്ചെ 3 മണിവരെ ഹണിപ്രീതിനെ പോലീസ് ചോദ്യം ചെയ്തു; ഹണിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

single-img
4 October 2017

 

പഞ്ച്കുള: ഡേരാ സഛാ സൗദ തലവന്‍ ഗുര്‍മിത് റാം റഹീം സിങ്ങിന്റെ വളര്‍ത്തുമകളായ ഹണിപ്രീതിനെ ഹരിയാണ പോലീസ് പുലർച്ചെ മൂന്നു മണിവരെ ചോദ്യം ചെയ്തു. ഹണിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ പോലീസിന്റെ പിടിയിലായ ഉടന്‍ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ തീരുമാനിച്ചത്.

പീഡന കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് ഹരിയാണയിലുണ്ടായ കലാപത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഹണിപ്രീത് ഒളിവില്‍ പോയത്. ഗുർമീതിനെ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചതിനും ഹണിക്കെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.

പഞ്ചാബില്‍ ഡേ‌രാ സഛാ അനുയായികളുടെ വീട്ടില്‍ ഒളിവില്‍ താമസിക്കുമ്പോഴാണ് ഹണിയെയും സിര്‍സയിലെ അവരുടെ സഹായിയായ ശുക്ദീപ് കൗറിനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇവരെയും ഇന്ന് ഹണിക്കൊപ്പം കോടതിയില്‍ ഹാജരാക്കും.

അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് ഒരു ടിവി ചാനലിന് ഹണിപ്രീത് അഭിമുഖം നല്‍കിയിരുന്നു. തന്റെ പപ്പ നിരപരാധിയാണെന്നും അദ്ദേഹത്തെ കുറ്റക്കാരനെന്ന് വിധിച്ചത് തന്നെ തകര്‍ത്തു കളഞ്ഞെന്നുമാണ് ഹണി ചാനലുകളോട് പറഞ്ഞത്. താനും ഗുര്‍മീതും തമ്മിലുള്ളത് പിതാവും മകളും തമ്മിലുള്ള പവിത്രമായ ബന്ധമാണ്. തന്റെ മുന്‍ ഭര്‍ത്താവ് എന്ത് അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് അറിയില്ലെന്നും ഹണിപ്രീത് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.