ഡല്‍ഹിയിലെ എകെജി ഭവനിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി

single-img
4 October 2017

സിപിഎം കേന്ദ്രകമ്മറ്റി ഓഫീസായ ഡല്‍ഹിയിലെ എകെജി ഭവനിലേക്ക് ബിജെപി മാര്‍ച്ച് നടത്തി. കേരളത്തിലെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരേ സിപിഎം ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. 800 ഓളം പ്രവര്‍ത്തകരെ അണിനിരത്ത് നടത്തിയ മാര്‍ച്ച് എകെജി സെന്ററിന് 100 മീറ്റര്‍ മുമ്പില്‍ വെച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

രാവിലെ പത്ത് മണിക്ക് പണ്ഡിറ്റ് പന്ത് മാര്‍ഗ്ഗില്‍ നിന്നുമാണ് ഗോള്‍മാര്‍ക്കറ്റിലുള്ള സിപിഎം ഓഫീസിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. ബിജെപി ദില്ലി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയാണ് പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് വ്യാപകമായ ആക്രമണമാണ് നടക്കുന്നതെന്നും രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിന്ന് സിപിഎം പിന്‍മാറണമെന്നും മനോജ് തിവാരി ആവശ്യപ്പെട്ടു.

ഇന്നലെ കണ്ണൂരില്‍ ജനരക്ഷാമാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആഹ്വാനപ്രകാരമാണ് ദില്ലിയില്‍ സിപിഎം കേന്ദ്ര ഓഫീസിലേക്ക് പാര്‍ട്ടി മാര്‍ച്ച് സംഘടിപ്പിച്ചത്. കേരളത്തില്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ച് ദില്ലിയിലെ പതിനാല് ജില്ലകളിലും മാര്‍ച്ച് നടത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.