കേരളത്തിലെത്തുന്ന യോഗി ആദിത്യനാഥിനെ ട്രോളി സിപിഎം; ഓക്സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ മരിക്കുന്ന യുപിയിലെ മുഖ്യമന്ത്രിയ്ക്ക് കേരളത്തിലെ ആശുപത്രികളെ കണ്ടുപഠിക്കാൻ ക്ഷണം

single-img
4 October 2017

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയിൽ പങ്കെടുക്കാനെത്തുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ട്രോളി സിപിഎം. ഓക്സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ മരിക്കുന്ന യുപിയിലെ മുഖ്യമന്ത്രിയെ കേരളത്തിലെ ആശുപത്രികൾ കണ്ടുപഠിക്കാൻ ക്ഷണിച്ചായിരുന്നു സിപിഎമ്മിന്റെ പരിഹാസം.

കേരളത്തിലെ സർക്കാർ ആശുപത്രികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നത് എങ്ങനെയാണെന്നു കണ്ടുപഠിക്കണമെന്നു പറഞ്ഞ സിപിഎം, യോഗിയെ  ട്വിറ്ററിലൂടെയാണ് സ്വാഗതം ചെയ്തത്. ഓക്സിജൻ ലഭ്യതക്കുറവുമൂലം യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരിലെ ബാബാ രാഘവ ദാസ് (ബിആർഡി) സർക്കാർ മെഡിക്കൽ കോളജിൽ അറുപതിലേറെ കുഞ്ഞുങ്ങൾ കൂട്ടത്തോടെ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഎമ്മിന്റെ ട്രോൾ.


യോഗിയെ സ്വാഗതം ചെയ്തുള്ള ട്വീറ്റിന് വൻ പ്രചാരണമാണ് സമൂഹമാധ്യമത്തിൽ കിട്ടുന്നത്. കീച്ചേരി മുതൽ കണ്ണൂർ വരെയുള്ള പദയാത്രയിലാണ് യു പി മുഖ്യമന്ത്രി പങ്കെടുക്കുക. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ യോഗി പ്രസംഗിക്കും.