അമിത് ഷായ്ക്ക് നേരെ ‘കയ്യില്‍ അരിവാളുമായി’ നേതാക്കള്‍

single-img
4 October 2017

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. കേരളത്തെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഒറ്റക്കെട്ടായി നേരിടുമെന്ന് അമിത് ഷായോട് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ കേരളത്തെ അപമാനിക്കാനാണ് ആര്‍എസ്എസും അമിത് ഷായും ശ്രമിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. കേരളം എല്ലാവിധ വിഭാഗീയതയ്ക്ക് എതിരെയും നിലകൊള്ളുന്ന സംസ്ഥാനമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആട്ടിന്‍തോലിട്ട ചെന്നായയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഗുജറാത്തില്‍ വംശഹത്യ നടത്തുന്നതിന് നേതൃത്വം കൊടുത്തയാളാണ് അമിത്. രക്തക്കറ പുരണ്ട അമിത് ഷായുടെ വാക്കുകള്‍ ആരും മുഖവിലയ്ക്ക് എടുക്കില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രയുടെ ഉദ്ഘാടനം പയ്യന്നൂരില്‍ നിര്‍വഹിക്കവെയാണ് അമിത് ഷാ സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചത്. കേരളത്തില്‍ സി.പി.എം മുന്നണി അധികാരത്തില്‍ വന്നപ്പോഴൊക്കെ അക്രമങ്ങളും കൊലപാതകങ്ങളും നടന്നിട്ടുണ്ടെന്നും ബംഗാളിലും ത്രിപുരയിലും ഇതുതന്നെയാണ് സ്ഥിതിയെന്നും അമിത് ഷാ ആരോപിച്ചിരുന്നു. അക്രമത്തിന്റെ ചെളിക്കുണ്ടില്‍ എത്ര ആഴത്തില്‍നിന്നായാലും താമര വിരിയുമെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു.