ചരിത്രം തിരുത്തി ശ്രീകോവിൽ നടതുറക്കാനൊരുങ്ങി യദു;ശാന്തിക്കാരനായി ദേവസ്വം ബോർഡ് നിയമിക്കുന്ന ആദ്യത്തെ പട്ടിക ജാതിക്കാരനായി യദുകൃഷ്ണ

single-img
4 October 2017


കൊച്ചി:ജാതിഭേദത്തിന്റെ മതിൽക്കെട്ടുകൾ ഭേദിച്ച് ദേവസ്വം ബോർഡ് നിയമിക്കുന്ന ആദ്യത്തെ പട്ടിക ജാതിക്കാരനായ ശാന്തിയായി യദുകൃഷ്ണ.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവല്ല ഗ്രൂപ്പിന് കീഴിലുള്ള ക്ഷേത്രത്തിലായിരിക്കും യദുവിന്റെ നിയമനം. ക്ഷേത്രം ഏതെന്ന് ഇനി നിശ്ചയിക്കണം.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ശാന്തി റാങ്ക് ലിസ്റ്റിൽ നാലാം റാങ്കുകാരനാണ് യദുകൃഷ്‌ണ.പുലയ സമുദായാംഗമാണു യദു.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡാണ് നിയമന നടപടികൾ നടത്തിയത്. 967 പേർ എഴുതിയ പരീക്ഷയിൽ അന്തിമ ലിസ്റ്റിൽ വന്ന 441 പേരിൽ 62 പേരെയാണ് നിയമനത്തിനായി ശുപാർശ ചെയ്തിട്ടുള്ളത്. ഇവരിൽ യദു ഉൾപ്പടെ അഞ്ച് പട്ടികജാതിക്കാരും 30 പിന്നാക്കക്കാരുമുണ്ട്. നിയമന ഉത്തരവ് കാത്തിരിക്കുകയാണ് യദു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഇരുനൂറോളം അബ്രാഹ്മണ ശാന്തിക്കാര്‍ നിയമനം നേടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു പട്ടികജാതിക്കാരന്‍ ഇടംനേടുന്നത്. സംസ്കൃത സാഹിത്യത്തില്‍ എം.എ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് യദു.
തൃശൂർ ചാലക്കുടിക്ക് സമീപം കൊരട്ടി നാലുകെട്ടിലെ നിർദ്ധന കുടുംബാംഗമാണ് യദു. കൂലിപ്പണിക്കാരനായ പി.കെ.രവിയാണു അച്ഛൻ. ലീലയാണ് അമ്മ . സഹോദരൻ ലാൽവിൻ.