ചാലക്കുടി കൊലപാതകം: ഉദയഭാനുവിനെതിരായ തെളിവുകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി; അറസ്റ്റ് തടഞ്ഞു

single-img
3 October 2017

ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ അഡ്വ. സി.പി. ഉദയഭാനുവിനെതിരായ തെളിവുകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. ക്രിമിനല്‍കേസ് പ്രതികള്‍ ബന്ധപ്പെട്ടുവെന്ന കാരണത്താല്‍ അഭിഭാഷകനെതിരെ ഗൂഢാലോചന ആരോപിക്കാമോ എന്നും കോടതി ചോദിച്ചു.

കേസില്‍ ഉദയഭാനുവിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. വ്യക്തമായ തെളിവുണ്ടെങ്കിലെ അറസ്റ്റ് പാടുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ഗുഢാലോചനയ്ക്ക് വ്യക്തമായ തെളിവ് വേണം. ഒരു ഫോണ്‍ സംഭാഷണം പ്രതിയാക്കാന്‍ പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു. അടുത്ത 16ന്‌
റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

അഡ്വ. ബി.രാമന്‍പിള്ള മുഖേനയാണ് ഉദയഭാനു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ തനിക്ക് പങ്കില്ലെന്ന് ഉദയഭാനു ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. സര്‍ക്കാരിനു വേണ്ടി ഒട്ടേറെ കേസുകളില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന താന്‍ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നയാളാണ്.

അതിനാല്‍ തന്നെ ഇത്തരമൊരു കൃത്യത്തിനു കൂട്ടു നില്‍ക്കില്ലെന്നും അറസ്റ്റിലായവരില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തെറ്റായ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണവുമായി സഹരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം കൊല്ലപ്പെട്ട രാജീവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഉദയഭാനു രാജീവിന്റെ വീട്ടില്‍ പലതവണ വന്നതായി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മറ്റുചില നിര്‍ണായക തെളിവുകളും പോലീസിന് ലഭിച്ചുവെന്നും സൂചനയുണ്ട്. ദൃശ്യങ്ങള്‍ ഉടന്‍ തന്നെ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. എന്നാല്‍ ഉദയഭാനുവും രാജീവും തമ്മില്‍ തെറ്റുകയും ഉദയഭാനുവില്‍ നിന്ന് രാജീവിന് ഭീഷണി ഉണ്ടായിരുന്നതിന്റെ തെളിവുകളും പൊലീസിന്റെ പക്കലുണ്ട്.

കേസിലെ ഗൂഢാലോചന കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നാണ് സൂചന. തനിക്കും പിതാവിനും ക്വട്ടേഷന്‍ സംഘത്തിന്റെ ഭീഷണിയുണ്ടായിരുന്നെന്ന് രാജീവിന്റെ മകന്‍ അഖില്‍ പറഞ്ഞിരുന്നു. രാജീവിന്റെ കൊലപാതകത്തില്‍ ഉദയഭാനുവിന് പങ്കുണ്ടെന്ന് കരുതുന്നുവെന്നും അഖില്‍ പറഞ്ഞു.

ഇതോടെ കേസില്‍ ആരോപണവിധേയനായ ഉദയഭാനുവിന് കുരുക്ക് മുറുകുകയാണ്. അതേസമയം, ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള ശ്രമവും ഉദയഭാനു തുടങ്ങിയിട്ടുണ്ട്. ഇന്ന് തന്നെ അപേക്ഷ നല്‍കാനാണ് നീക്കം.

കേസിലെ പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉദയഭാനുവിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഭിഭാഷകനെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.