ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കാന്‍ മാത്രം വിഡ്ഢിയല്ല താനെന്ന് പ്രകാശ് രാജ്

single-img
3 October 2017

ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന വാര്‍ത്ത തള്ളി നടന്‍ പ്രകാശ് രാജ്. കഴിവിന് ലഭിച്ച അംഗീകാരങ്ങള്‍ തിരിച്ചുനല്‍കാന്‍ മാത്രം വിഡ്ഢിയല്ല താന്‍. ഗൗരി ലങ്കേഷിന്റ കൊലപാതകത്തില്‍ ആഹ്ലാദിക്കുന്നവരെ പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളില്‍ പിന്തുടരുന്നതിലുള്ള അമര്‍ഷം പ്രകടിപ്പിക്കുകയാണ് ചെയ്തതെന്നും പ്രകാശ് രാജ് പറഞ്ഞു.

ഒരു പ്രസംഗത്തിലെ ഭാഗങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ് നടന്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന തരത്തില്‍ ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഭവം വിവാദമായതോടെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ് പ്രകാശ് രാജ് നിലപാട് വ്യക്തമാക്കിയത്.

ഞാന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല, ഒരു പാര്‍ട്ടിക്കും എതിരുമല്ല. പക്ഷേ ഈ രാജ്യത്തെ പൗരനാണ്്. പ്രധാനമന്ത്രിയുടെ നിശബ്ദത ഭയപ്പെടുത്തുന്നതാണ്. പൗരനെന്ന നിലയില്‍ പറയാന്‍ അവകാശമുണ്ട്. തന്റെ വാക്കുകളെ വളച്ചൊടിച്ച് കോലാഹലങ്ങളുണ്ടാക്കി ചര്‍ച്ച നടത്തുന്നതില്‍ താല്‍പ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി നല്ല നടനാണെന്നും ദേശീയ പുരസ്‌കാരം നേടിയ തനിക്ക് അഭിനയം കണ്ടാല്‍ മനസിലാകുമെന്നും പ്രകാശ് രാജ് കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ കര്‍ണാടക സംസ്ഥാന സമ്മേളനത്തില്‍ പറഞ്ഞിരുന്നു.