മീസില്‍സ്, റുബെല്ല വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടക്കുന്നത് വ്യാജപ്രചാരണങ്ങളെന്ന് മുഖ്യമന്ത്രി

single-img
3 October 2017

കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായുള്ള വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മീസില്‍സ്, റുബെല്ല പ്രതിരോധ ദൗത്യത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യാതൊരു ശാസ്ത്രീയ തെളിവുകളുമില്ലാതെയാണ് ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത്. കുറച്ച് പേര്‍ക്ക് രോഗം വരുന്നില്ലായിരിക്കാം. എന്നാല്‍ രോഗം വരുന്ന കുറച്ച് പേര്‍ക്ക് കൂടി പ്രതിരോധ ശക്തി നല്‍കി സുരക്ഷിത ജീവിതം ഉറപ്പാക്കുന്നതിനാണ് വാക്‌സിനേഷന്‍ നല്‍കുന്നത്.

ശാസ്ത്രീയ തെളിവില്ലാത്ത, ധാരണകള്‍ പ്രചരിപ്പിക്കുന്നത് വലിയ ദുരന്തങ്ങള്‍ക്ക് വഴിവെയ്ക്കും. ഇത്തരം പ്രചാരണങ്ങള്‍ നിര്‍ഭാഗ്യകരമാണ്. വലിയ സാമൂഹികദ്രോഹമാണ് ഇതിനു പിന്നിലുള്ളവര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകവും കാലവും മാറുകയാണ്.

രാജ്യത്തും ലോകത്തും നിരവധി ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ അനുദിനം നടക്കുന്നു. പുതിയ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും അറിവുകളും വികസിക്കുന്നതോടൊപ്പം മാറിച്ചിന്തിക്കാനും നമുക്ക് കഴിയണം. അറിവുകള്‍ നേടുന്നതിന് മുമ്പുള്ള കാലത്ത് നിലനിന്നിരുന്ന ധാരണകള്‍ ശരിയാണെന്ന് ചിന്തിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.