പാലക്കാട് വീട്ടുവേലക്കാരിയെ അച്ഛനും മകനും പീഡിപ്പിച്ചു: പുറത്തു പറയാതിരിക്കാന്‍ മോഷണ കുറ്റം ആരോപിച്ച് പോലീസില്‍ പരാതി നല്‍കി

single-img
3 October 2017

സെപ്റ്റംബര്‍ ഒന്‍പതിനാണ് പാലക്കാട് ഹെഡ് പോസ്റ്റോഫീസിന് സമീപത്തെ ഡോ. പി.ജി. മേനോന്റെ വീട്ടിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ എഴുപതോളം പവന്‍ നഷ്ടപ്പെട്ടുവെന്ന പരാതി പോലീസിന് ലഭിക്കുന്നത്. ഈ കേസിന്റെ അന്വേഷണത്തിലാണ് പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.

അഞ്ച് വാതിലുകള്‍ കടന്നാല്‍ മാത്രമേ വിഗ്രഹത്തിനടുത്തെത്തൂവെന്ന് പോലീസിന് വ്യക്തമായി. എന്നാല്‍ ഒരു വാതില്‍പോലും പൊളിക്കാതെയാണ് സ്വര്‍ണം നഷ്ടപ്പെട്ടിരിക്കുന്നത്. വീട്ടിലുള്ളവരുടേതല്ലാതെ വിരലടയാളങ്ങളൊന്നും കാര്യമായി ലഭിച്ചിരുന്നില്ല. വീട്ടില്‍ ജോലിക്കുനിന്നിരുന്ന അമ്പത്തിയഞ്ചുകാരിയെ കേന്ദ്രീകരിച്ചും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

ജോലിക്കാരിയെ വിശദമായ ചോദ്യം ചെയ്തപ്പോഴാണ് മേനോന്‍ തന്നെ ബലാത്സംഗം ചെയ്തിരുന്നതായി പോലീസിനോട് പറഞ്ഞത്. വിവാഹവാഗ്ദാനം നല്‍കി പീഡനം തുടര്‍ന്നു. പിന്നീട്, ഡോക്ടറുടെ മകനും ബലാത്സംഗത്തിനിരയാക്കിയെന്ന് സ്ത്രീ പോലീസിന് മൊഴി നല്‍കി.

ഇത് മൂടിവെക്കാനായാണ് മോഷണംപോയെന്ന് വ്യാജപരാതി നല്‍കിയത്. ഒന്നരവര്‍ഷം മുമ്പാണ് ഇപ്പോഴത്തെ ജോലിക്കാരി വീട്ടിലെത്തിയത്. മോഷണക്കുറ്റമാരോപിച്ച് മുമ്പും ഇവിടെനിന്ന് ജോലിക്കാരികളെ ഒഴിവാക്കിയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. വീടുമായി ബന്ധമുണ്ടായിരുന്ന മുഴുവന്‍ ആളുകളില്‍നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

ഡോ. പി.ജി. മേനോന്‍ പറഞ്ഞ പ്രായത്തിലും പോലീസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 93 വയസ്സായി എന്നാണ് പോലീസിനോട് പറഞ്ഞത്. എണ്‍പത്തഞ്ചിനടുത്ത് പ്രായമേയുള്ളൂവെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സംഭവത്തില്‍ വീട്ടുജോലിക്കാരിയുടെ പരാതിയില്‍ ഡോ. പി.ജി. മേനോന്‍, മകന്‍ ഡോ. കൃഷ്ണമോഹന്‍ (56) എന്നിവര്‍ക്കെതിരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് ബലാത്സംഗത്തിന് കേസെടുത്തു.