കേരളത്തില്‍ കലാപം ഉണ്ടാക്കാനാണ് അമിത് ഷാ ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍

single-img
3 October 2017

കേരളത്തില്‍ കലാപം ഉണ്ടാക്കാനാണ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതിനാണ് ജനരക്ഷായാത്ര എന്ന പേരില്‍ അമിത്ഷായും കുമ്മനം രാജശേഖരനും ഒരുങ്ങി പുറപ്പെട്ടിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു കോടിയേരി.

കലാപങ്ങള്‍ സൃഷ്ടിച്ചതിലൂടെയാണ് രാജ്യത്ത് അമിത് ഷാ ശ്രദ്ധിക്കപ്പെട്ടത്. കേരളത്തില്‍ കലാപന്തരീക്ഷം സൃഷ്ടിക്കുകയാണ് ഷായുടേയും കൂട്ടരുടേയും ലക്ഷ്യം. എന്നാലത് ഇവിടെ വിലപ്പോവില്ല. കേരളം ജിഹാദികളുടെ നാടാണെന്നാണ് ആര്‍.എസ്.എസ് തലവന്‍ പറഞ്ഞത്.

വസ്തുതകള്‍ മനസിലാക്കാതെയുള്ള പ്രസ്താവനകളാണ് നടത്തുന്നത്. കേരളം അങ്ങനെയാണെന്ന് തെളിയിക്കാന്‍ ആര്‍.എസ്.എസിനെ വെല്ലുവിളിക്കുകയാണെന്നും കോടിയേരി പറഞ്ഞു. കേരളത്തിലെ ബി.ജെ.പിയുടെ മുഖം വികൃതമായതിനാലാണ് പുറത്ത് നിന്ന് നേതാക്കളെ ബി.ജെ.പി കൊണ്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

ബിജെപിക്കൊപ്പം നില്‍ക്കുന്ന ബിഡിജെഎസിന്റെ നിലപാട് ആത്മഹത്യാപരമാണ്. മതസമുദായങ്ങളുടെ പേരിലുള്ള സംഘടനകളുമായി യോജിക്കാന്‍ സിപിഎമ്മിന് സാധിക്കില്ല. ബിഡിജെഎസ് പിരിച്ചു വിടുകയാണ് നല്ലതെന്നും കോടിയേരി പറഞ്ഞു.

വേങ്ങര ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫ് വരുത്തിവച്ചതാണ്. കടുത്ത രാഷ്ട്രീയ പോരാട്ടമാണ് അവിടെ നടക്കുക. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാവുക എല്‍.ഡി.എഫിനാണ്. കെ.എം.മാണി ലീഗിനെ പിന്തുണച്ചത് കൊണ്ട് ഒന്നും സംഭവിക്കില്ല. ഏത് മുന്നണിയിലേക്ക് പോവണമെന്ന് മാണിയാണ് നിലപാട് എടുക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.