കൊച്ചി മെട്രോ നഗരമധ്യത്തിലേക്ക്; ഇനി മഹാരാജാസ് ഗ്രൗണ്ട് വരെ സര്‍വ്വീസ് നടത്തും

single-img
3 October 2017

കാത്തിരിപ്പിന് വിരാമമിട്ട് കൊച്ചി മെട്രോ നഗരമധ്യത്തിലേക്ക് പ്രവേശിച്ചു. കൊച്ചി മെട്രോയുടെ പാലാരിവട്ടം – മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള അഞ്ച് കിലോമീറ്റര്‍ പാത എറണാകുളം ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

രാവിലെ പത്തരയോടെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മെട്രോ സ്റ്റേഷനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരവികസന സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ചേര്‍ന്ന് സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും ഒരുമിച്ച് മഹാരാജാസ് സ്റ്റേഷന്‍ വരെ മെട്രോയില്‍ സഞ്ചരിച്ചു.

11 മണിയ്ക്ക് ടൗണ്‍ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി പുതിയ സര്‍വീസിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിര്‍വഹിച്ചു. മെട്രോ സര്‍വീസ് ഉദ്ഘാടനം ചെയ്തതായി മുഖ്യമന്ത്രി പ്രഖ്യാപിച്ച ഉടന്‍ തന്നെ ആലുവയില്‍ നിന്നുള്ള മെട്രോ ട്രെയിനുകള്‍ മഹാരാജാസ് വരെയും തിരിച്ചും സര്‍വീസ് ആരംഭിച്ചു. ഉച്ചയ്ക്ക് 12ഓടെ യാത്രാ സര്‍വീസ് സാധാരണ നിലയിലാകുമെന്ന് കെ.എം.ആര്‍.എല്‍ അധികൃതര്‍ വ്യക്തമാക്കി.

ആലുവ മുതല്‍ മഹാരാജാസ് വരെ 50 രൂപയാണ് ടിക്കറ്റ് നിരക്ക്. മിനിമം ചാര്‍ജ് 10 രൂപയായി തുടരും. കൂടുതല്‍ ഫീഡര്‍ സര്‍വീസുകളും സ്ഥിരം യാത്രക്കാര്‍ക്കായി പ്രത്യേക ഫെയര്‍പാക്കേജുകളും കെഎംആര്‍എല്‍ ഏര്‍പ്പെടുത്തും.

കൊച്ചിയുടെ നഗരമധ്യത്തിലേക്ക് ആദ്യ ദിവസം മെട്രോ കയറി എത്തുന്നവര്‍ക്ക് കാരിക്കേച്ചര്‍ സമ്മാനമായി ലഭിക്കും. ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച കാരിക്കേച്ചറിസ്റ്റ് ബി.സജ്ജീവിന്റെ നേതൃത്വത്തില്‍ 10 പേരാണ് കന്നിയാത്രക്ക് എത്തുന്നവരുടെ ചിത്രങ്ങള്‍ വരയ്ക്കുക.