‘കാവ്യയെ ചേര്‍ത്ത് പിടിച്ചുള്ള ദിലീപിന്റെ വാക്കുകള്‍ പാഴായില്ല’: ആഹ്ലാദത്തില്‍ കാവ്യാമാധവനും ദിലീപിന്റെ കുടുംബാംഗങ്ങളും

single-img
3 October 2017

ദിലീപിന്റെ ജാമ്യ വാര്‍ത്തയറിഞ്ഞ് ആഹ്ലാദത്തില്‍ ദിലീപിന്റെ കുടുംബാംഗങ്ങള്‍. ദിലീപിന് ജാമ്യം ലഭിച്ചുവെന്ന് ചാനലുകള്‍ ബ്രേക്ക് ചെയ്തതോടെ കാവ്യ അമ്മയെ കെട്ടിപ്പിടിച്ച് ആഹ്‌ളാദം പങ്കുവച്ചു. ആശ്വാസമായില്ലേ എന്ന് അമ്മ കാവ്യയോട് ചോദിച്ചു. അമ്മയോട് സംസാരിക്കുന്നതിനിടെ കാവ്യ കരയുകയായിരുന്നു.

കാവ്യാ മാധവന്‍, മകള്‍ മീനാക്ഷി, അമ്മ സരോജം എന്നിവരാണ് ആലുവയിലെ വീട്ടിലുള്ളത്. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയുമെന്ന് ചാനലുകളില്‍ ബ്രേക്കിംഗ് ന്യൂസ് വന്നപ്പോള്‍ തന്നെ കാവ്യ അഭിഭാഷകനുമായി സംസാരിച്ചിരുന്നു. ജാമ്യം കിട്ടുമെന്ന പ്രതീക്ഷയാണ് അഭിഭാഷകനും പങ്കുവച്ചത്.

റിമാന്‍ഡില്‍ കഴിയവെ അച്ഛന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മാസം ജയിലില്‍ നിന്ന് താല്‍ക്കാലികമായി പുറത്തിറങ്ങിയപ്പോള്‍ പദ്മസരോവരത്തില്‍ എത്തിയ ദിലീപ് കാവ്യാ മാധവന് നല്‍കിയൊരു ഉറപ്പുണ്ടായിരുന്നു. എല്ലാ കഷ്ടകാലവും മാറും, ഞാന്‍ ഉടന്‍ തിരിച്ചുവരും.

ശ്രാദ്ധച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഇറങ്ങാന്‍ നേരം കാവ്യയെ ചേര്‍ത്തു പിടിച്ചാണ് ദിലീപ് ഇത് പറഞ്ഞത്. ആ വാക്കുകള്‍ വെറുതെ ആയില്ല. വീട്ടിലേക്കുള്ള ആ വരവിന് ശേഷമാണ് ദിലീപ് നായകനായ രാമലീല ചിത്രം റിലീസായത്. ചിത്രം വന്‍ വിജയത്തിലേക്ക് പോവുന്നതിനിടെയാണ് ദിലീപിന് ജാമ്യവും ലഭിച്ചിരിക്കുന്നത്.