ഗുര്‍മീത് റാം റഹിം സിംഗിന്റെ വളര്‍ത്ത് മകള്‍ ഹണിപ്രീതിനെ പോലീസ് അറസ്റ്റ് ചെയ്തു

single-img
3 October 2017

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന്റെ വളര്‍ത്ത് മകള്‍ ഹണിപ്രീതിനെ പോലീസ് അറസ്റ്റ് ചെയ്തു. സിറാക്പൂര്‍ പാട്യാല റോഡില്‍ നിന്നുമാണ് ഹണിപ്രീതിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഗുര്‍മീത് ജയിലില്‍ പോയതിന് പിന്നാലെ ഹണിപ്രീത് ഒളിവില്‍ പോകുകയായിരുന്നു. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഹണിപ്രീതിനെ കസ്റ്റഡിയില്‍ എടുത്തത്. രാജ്യദ്രോഹക്കുറ്റം, കലാപമുണ്ടാക്കാന്‍ ശ്രമം, കോടതി ശിഷിച്ച ഗുര്‍മീതിനെ രക്ഷിക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഹണിപ്രീതിനെതിരെ ചുമത്തിയിരിക്കുന്നത്.

ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. നേരത്തെ ഹണിപ്രീതിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. എത്രയും വേഗം അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കീഴടങ്ങാതെ ഹണിപ്രീത് ഒളിവ് ജീവിതം തുടരുകയായിരുന്നു.

ഗുര്‍മീതുമായി തനിക്ക് അവിഹിതബന്ധമില്ലെന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ ഹണിപ്രീത് വെളിപ്പെടുത്തിയിരുന്നു. സിര്‍സയിലെ ആശ്രമത്തില്‍ ആരും മാനഭംഗപ്പെട്ടിട്ടില്ലെന്നും ആരോപണങ്ങളെല്ലാം കളവാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഗുര്‍മീതിന്റെ അറസ്റ്റിനു ശേഷമുണ്ടായ കലാപത്തിന് നേതൃത്വം നല്‍കിയത് താനാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അനിഷ്ട സംഭവങ്ങള്‍ നടക്കുന്ന സമയത്ത് താന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

കലാപത്തിന് ചുക്കാന്‍ പിടിച്ചത് താനാണെന്നുള്ളതിന് എന്ത് തെളിവാണ് ഉള്ളതെന്നും ഹണി പ്രീത് ചോദിച്ചു. അച്ഛനും മകളും തമ്മിലുള്ള പരിശുദ്ധമായ ബന്ധത്തെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കരുതെന്നും തന്റെ മുന്‍ ഭര്‍ത്താവാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും അതേക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ വിവരിക്കാനാവില്ല. രാജ്യദ്രോഹി എന്ന് എന്നെ വിളിക്കുന്നത് പൂര്‍ണമായും തെറ്റാണ്. ഇന്ത്യയെ അങ്ങേയറ്റം സ്‌നേഹിക്കുന്ന ദേശസ്‌നേഹികളായ തങ്ങളോട് ഈ രീതിയില്‍ എങ്ങനെ പെരുമാറാന്‍ കഴിയും? കനത്ത പൊലീസ് സുരക്ഷയില്‍ കഴിഞ്ഞിരുന്ന തനിക്ക് എങ്ങനെയാണ് രാജ്യദ്രോഹിയാവാന്‍ സാധിക്കുക. പപ്പയെ ഉടന്‍ കാണാന്‍ കോടതി അനുവദിക്കുമെന്നാണു പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.