ദിലീപേ ജാമ്യം കിട്ടി; ഇന്ന് പുറത്തിറങ്ങാമെന്ന് ജയില്‍ സൂപ്രണ്ട്: “കിട്ടിയോ” എന്ന് മറുപടി; അമിതാഹ്ലാദമില്ലാതെ താരം

single-img
3 October 2017

85 ദിവസത്തിനുശേഷം കോടതിയില്‍നിന്ന് ജാമ്യം ലഭിച്ച വാര്‍ത്തയോട് ദിലീപ് പ്രതികരിച്ചത് അമിതാഹ്ലാദമില്ലാതെ. കോടതി ജാമ്യം അനുവദിച്ച കാര്യം ജയില്‍ സൂപ്രണ്ടാണ് ദിലീപിനെ അറിയിച്ചത്. കിട്ടിയോ? ഇതായിരുന്നു ദിലീപിന്റെ ആദ്യപ്രതികരണം.

പിന്നെ ചെറുതായി പുഞ്ചിരിച്ചു. മറ്റൊന്നിനെക്കുറിച്ചും ദിലീപ് സംസാരിച്ചില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഇന്നുതന്നെ ദിലീപിന് ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഹൈക്കോടതിയുടെ ഉത്തരവ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ എത്തിയശേഷം അവിടെനിന്നുള്ള അറിയിപ്പ് ആലുവ സബ് ജയിലില്‍ എത്തിക്കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ ദിലീപിന് പുറത്തിറങ്ങാം.

അറസ്റ്റിലായി 86ാം ദിവസത്തിന് ശേഷമാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ജാമ്യത്തിലും കോടതിയില്‍ പാസ്‌പോര്‍ട്ട് കെട്ടിവെയ്ക്കണമെന്ന കര്‍ശന ഉപാധിയിലുമാണ് ജാമ്യം നല്‍കിയത്.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുമ്പോഴെല്ലാം ഹാജരാകണമെന്നും ജാമ്യോപാധിയുണ്ട്.

അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായതിനാല്‍ കൂടുതല്‍ തടവിന്റെ ആവശ്യമില്ലെന്ന് കണ്ടാണ് ദിലീപിന് കോടതി ജാമ്യം നല്‍കിയത്. നടന്റെ ജാമ്യാപേക്ഷ നേരത്തെ രണ്ടുതവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ടുതവണ ഹൈക്കോടതിയും തള്ളിയിരുന്നു.

അഞ്ചാം തവണയാണ് ജാമ്യം തേടി ദിലീപ് കോടതിയെ സമീപിച്ചത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ട്. അടുത്ത ശനിയാഴ്ച കുറ്റപത്രം സമര്‍പ്പിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.

അതിനാല്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ ഏഴു മാസമായി പൊലീസിനു കണ്ടെടുക്കാനായിട്ടില്ല. ഈ ഘട്ടത്തിലും അന്വേഷണത്തില്‍ സോപാധിക ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 35 പേജുള്ള ജാമ്യഹര്‍ജിയാണ് ദിലീപിന് വേണ്ടി സമര്‍പ്പിച്ചത്.

പ്രോസിക്യൂഷനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ ജാമ്യത്തിനായി വാദിച്ചത്. കേസ് അന്വേഷണത്തിന്റെ ഒരു വിവരങ്ങളും പോലീസ് തന്റെ കക്ഷിയെ അറിയിക്കുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ ബി.രാമന്‍ പിള്ള പറഞ്ഞു.

റിമാന്റ് റിപ്പോര്‍ട്ടില്‍ പോലും പൊലീസ് ഒരു വിവരവും രേഖപ്പെടുത്തുന്നില്ല. തന്റെ പേരിലുള്ള കുറ്റങ്ങള്‍ അറിയാനുള്ള അവകാശം പോലും ദിലീപിന് നിഷേധിക്കുകയാണെന്ന് അഭിഭാഷകന്‍ വാദിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 21 പേരുടെ രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്.

ഇനിയും കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്നും കോടതിയില്‍ അന്വേഷണ സംഘം അറിയിച്ചു. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കാര്യമായ പുരോഗതിയുണ്ടെന്നു വിലയിരുത്തിയ ശേഷമാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചത്. ജൂലൈ 10ന് ആണ് ദിലീപ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്.

രാവിലെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചശേഷം വൈകിട്ട് ഏഴേകാലോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് കോടതി നിര്‍ദേശപ്രകാരം ആലുവ സബ്ജയിലിലേക്ക് അയച്ചു. രണ്ടാം നമ്പര്‍ സെല്ലില്‍ 523–ാം നമ്പര്‍ തടവുകാരനായാണ് ദിലീപിനെ പാര്‍പ്പിച്ചിരുന്നത്. കൊലക്കേസിലും മോഷണക്കേസിലും പ്രതിയായവരായിരുന്നു ഒപ്പമുണ്ടായിരുന്നത്. ദിലീപിന് മറ്റു തടവുകാര്‍ക്കുള്ള പരിഗണന മാത്രമാണ് നല്‍കിയത്.

ഫെബ്രുവരി 17നാണ് സിനിമയുടെ ഡബ്ബിങ്ങിനായി തൃശ്ശൂരില്‍നിന്ന് കൊച്ചിയിലേക്ക് വരുമ്പോള്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. അങ്കമാലി അത്താണിക്കു സമീപത്ത് വെച്ചായിരുന്നു ആക്രമണം. ഡ്രൈവറായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ നേതൃത്വത്തില്‍, ഓടുന്ന വാഹനത്തിനുള്ളില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ദിലീപാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.