ദിലീപിന് ഇനി സിനിമയില്‍ അഭിനയിക്കാന്‍ പറ്റുമോ; ജാമ്യവ്യവസ്ഥകള്‍ തടസ്സമാകുമോ?

single-img
3 October 2017

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെയാണ്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ജാമ്യത്തിലുമാണ് ദിലീപിനെ വിട്ടയക്കുന്നത്.

ഇതിനിടയില്‍ ജാമ്യത്തില്‍ പുറത്തിറങ്ങുന്ന ദിലീപ് സിനിമയില്‍ അഭിനയിക്കുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കോടതി ഒട്ടനവധി നിബന്ധനകളോടെയാണ് ജാമ്യം നല്‍കിയതെങ്കിലും അഭിനയിക്കാന്‍ പാടില്ല എന്ന നിര്‍ദ്ദേശം നല്‍കിയിട്ടില്ല.

ദിലീപിന് കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ ചിത്രീകരിക്കുന്ന എതു ചിത്രത്തിലും അഭിനയിക്കാനാകും എന്നാണ് നിയമ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയില്‍ പോകുമ്പോള്‍ ദിലീപിനെ നായകനാക്കി ആരംഭിക്കാനിരുന്ന അനവധി ചിത്രങ്ങള്‍ പ്രതിസന്ധിയിലായിരുന്നു.

ചിത്രീകരണം ആരംഭിച്ച പ്രൊഫസര്‍ ഡിങ്കന്‍, കുമാര സംഭവം എന്നീ സിനിമകള്‍ അറസ്റ്റിനെ തുടര്‍ന്ന് ശേഷിക്കുന്ന ഷെഡ്യൂളുകള്‍ ഒഴിവാക്കുകയായിരുന്നു. ഈ സിനിമകളില്‍ ഇനി ദിലീപ് അഭിനയിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

പാസ്‌പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കണം, കുറ്റപത്രം സമര്‍പ്പിക്കും വരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, സാക്ഷികളെയോ ഇരയെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, തെളിവ് നശിപ്പിക്കരുത്, വിചാരണ തടസ്സപ്പെടുത്തരുത് എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍. ഉപാധികള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.