നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ജാമ്യം

single-img
3 October 2017

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടു ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ഹൈക്കോടതി കടുത്ത ഉപാധികളോടെ ജാമ്യം അനുവദിച്ചു. 85 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. കഴിഞ്ഞ രണ്ടു തവണയും ജാമ്യം നിഷേധിച്ച ജസ്റ്റീസ് സുനില്‍ പി. തോമസാണ് മൂന്നാം ഹര്‍ജിയില്‍ ജാമ്യം അനുവദിച്ചത് എന്നതും ശ്രദ്ധേയമാണ്.

അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണം. ഒരു ലക്ഷം രൂപയുടെ ബോണ്ട് കോടതിയില്‍ കെട്ടിവെയ്ക്കണം. പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.

പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 27 ന് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അങ്കമാലി മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെയാണ് ദിലീപ് മൂന്നാം തവണ ജാമ്യം തേടി ഹൈക്കോടതിയില്‍ എത്തിയത്.

90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ദിലീപിന് സ്വാഭാവിക ജാമ്യം ലഭിക്കുമായിരുന്നു. ഇതിന് നാല് ദിവസം ശേഷിക്കെയാണ് ഇന്ന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ കുറ്റപത്രം നാല് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് നിര്‍ബന്ധിതാവസ്ഥയും അന്വേഷണ സംഘത്തിന് മുന്നില്‍ ഇനിയില്ല.

നടിയെ ആക്രമിക്കാന്‍ ദിലീപ് തനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നാണു കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ മൊഴി. കേസില്‍ ഈയാഴ്ചതന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. അതേസമയം, കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്.

സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു വിലയിരുത്തിയാണ് അങ്കമാലി മജിസ്‌ട്രേട്ട് കോടതി രണ്ടു തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഫെബ്രുവരി 17നാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. സിനിമയുടെ ഡബ്ബിങ്ങിനായി തൃശ്ശൂരില്‍നിന്ന് കൊച്ചിയിലേക്ക് വരുമ്പോള്‍ അങ്കമാലി അത്താണിക്കു സമീപത്തുവെച്ചായിരുന്നു ആക്രമണം. നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ നേതൃത്വത്തില്‍, ഓടുന്ന വാഹനത്തിനുള്ളില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം നടിയെ കാക്കനാട് ഭാഗത്ത് ഇറക്കിവിടുകയും ചെയ്തു എന്നാണ് കേസ്.