ദിലീപിന്റെ ജാമ്യം: അന്വേഷണം പൂര്‍ത്തിയായിട്ട് പ്രതികരിക്കാമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

single-img
3 October 2017

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ച സംഭവത്തേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഉത്തരവ് കൈയില്‍ കിട്ടിയതിനു ശേഷമേ പ്രതികരിക്കാനാകൂ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അന്വേഷണം വിജയകരമായി തന്നെ പൂര്‍ത്തിയക്കുമെന്നും അദ്ദേഹം പറഞ്ഞു.

85 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. കഴിഞ്ഞ രണ്ടു തവണയും ജാമ്യം നിഷേധിച്ച ജസ്റ്റീസ് സുനില്‍ പി. തോമസാണ് മൂന്നാം ഹര്‍ജിയില്‍ ജാമ്യം അനുവദിച്ചത് എന്നതും ശ്രദ്ധേയമാണ്.

അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണം. ഒരു ലക്ഷം രൂപയുടെ ബോണ്ട് കോടതിയില്‍ കെട്ടിവെയ്ക്കണം. പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.

പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 27 ന് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അങ്കമാലി മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെയാണ് ദിലീപ് മൂന്നാം തവണ ജാമ്യം തേടി ഹൈക്കോടതിയില്‍ എത്തിയത്.

90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ദിലീപിന് സ്വാഭാവിക ജാമ്യം ലഭിക്കുമായിരുന്നു. ഇതിന് നാല് ദിവസം ശേഷിക്കെയാണ് ഇന്ന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ കുറ്റപത്രം നാല് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് നിര്‍ബന്ധിതാവസ്ഥയും അന്വേഷണ സംഘത്തിന് മുന്നില്‍ ഇനിയില്ല.