ചാലക്കുടി കൊലപാതകം: അഡ്വ. സി.പി. ഉദയഭാനു കുടുങ്ങി; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു; മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം

single-img
3 October 2017

ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ അഡ്വ. സി.പി. ഉദയഭാനുവിന് കുരുക്കായി ദൃശ്യങ്ങള്‍. കൊല്ലപ്പെട്ട രാജീവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഉദയഭാനു രാജീവിന്റെ വീട്ടില്‍ പലതവണ വന്നതായി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മറ്റുചില നിര്‍ണായക തെളിവുകളും പോലീസിന് ലഭിച്ചുവെന്നും സൂചനയുണ്ട്. ദൃശ്യങ്ങള്‍ ഉടന്‍ തന്നെ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. എന്നാല്‍ ഉദയഭാനുവും രാജീവും തമ്മില്‍ തെറ്റുകയും ഉദയഭാനുവില്‍ നിന്ന് രാജീവിന് ഭീഷണി ഉണ്ടായിരുന്നതിന്റെ തെളിവുകളും പൊലീസിന്റെ പക്കലുണ്ട്.

കേസിലെ ഗൂഢാലോചന കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നാണ് സൂചന. തനിക്കും പിതാവിനും ക്വട്ടേഷന്‍ സംഘത്തിന്റെ ഭീഷണിയുണ്ടായിരുന്നെന്ന് രാജീവിന്റെ മകന്‍ അഖില്‍ പറഞ്ഞിരുന്നു. രാജീവിന്റെ കൊലപാതകത്തില്‍ ഉദയഭാനുവിന് പങ്കുണ്ടെന്ന് കരുതുന്നുവെന്നും അഖില്‍ പറഞ്ഞു.

ഇതോടെ കേസില്‍ ആരോപണവിധേയനായ ഉദയഭാനുവിന് കുരുക്ക് മുറുകുകയാണ്. അതേസമയം, ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള ശ്രമവും ഉദയഭാനു തുടങ്ങിയിട്ടുണ്ട്. ഇന്ന് തന്നെ അപേക്ഷ നല്‍കാനാണ് നീക്കം.

കേസിലെ പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉദയഭാനുവിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഭിഭാഷകനെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.