നടിയെ ആക്രമിച്ച കേസില്‍ ക്രൂരമായ രണ്ടര മിനിറ്റ് പീഡനദൃശ്യം തന്നെ പ്രധാന തെളിവാകും ; സുനി ചെയ്ത എല്ലാ കുറ്റങ്ങളിലും ദിലീപിനും തുല്യപങ്ക്

single-img
2 October 2017


തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ഒക്ടോബർ ആറിന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രൂരമായ പീഡനം വെളിപ്പെടുന്ന പോലീസ് നേരത്തെ കണ്ടെത്തിയ ദൃശ്യം കോടതിയില്‍ പ്രധാന തെളിവാകും. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ചെയ്ത എല്ലാ കുറ്റങ്ങളിലും ദിലീപിന് തുല്യ പങ്കുണ്ടെന്നും താരം ഉള്‍പ്പെട്ട ഗൂഡാലോചന തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ അടുത്ത ആറിനു കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.

ഇതോടെ വിചാരണ തീരും വരെ ദിലീപ് ജയിലിൽ കിടക്കുമെന്ന് ഉറപ്പിക്കാനാണ് പൊലീസ് ശ്രമം. അതിനിടെ കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിക്കും. ദിലീപിന് വിചാരണ തീരും വരെ ജാമ്യം കിട്ടില്ലെന്ന് തന്നെയാണ് പൊലീസ് കണക്കുകൂട്ടൽ.

കൃത്യത്തില്‍ സുനി പകര്‍ത്തിയ വിവാദദൃശ്യത്തിന്റെ പകര്‍പ്പ് മാസങ്ങള്‍ക്കു മുമ്പ് തന്നെ പോലീസ് കണ്ടെടുത്തിരുന്നു. സുനി അഭിഭാഷകന് കൈമാറിയ മറ്റൊരു മൊബൈലിന്റെയും മെമ്മറി കാര്‍ഡിന്റെയും ശാസ്ത്രീയ പരിശോധനാഫലവും പൂര്‍ത്തിയാക്കി പോലീസ് കോടതിയില്‍ എത്തിച്ചിട്ടുണ്ട്. കേസിലെ നിര്‍ണ്ണായകമായേക്കാവുന്ന തെളിവായ മൊബൈല്‍ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് പോലീസിനെ അലട്ടുന്നുണ്ട്.

മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തത് പോലീസിന്റെ വീഴ്ചയാണ്. അതില്‍ ദിലീപിന് പങ്കില്ല. അന്വേഷണം നടത്തി മൊബൈല്‍ കണ്ടെത്തേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്.തുടങ്ങിയ വാദങ്ങളാണു ജാമ്യ വാദത്തിന്റെ വേളയിൽ ദിലീപിന്റെ അഭിഭാഷകൻ ഉയർത്തിയിരുന്നത്.
അതേസമയം ദിലീപിന്റെ ജാമ്യഹര്‍ജിയ്‌ക്കെതിരെ ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയത്. നടിയെ ആക്രമിക്കാന്‍ ദിലീപ് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണ് പള്‍സര്‍ സുനിക്ക് നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

പൊലീസ് പിടിച്ചാല്‍ മൂന്ന് കോടി നല്‍കാമെന്നും ദിലീപ് സുനിയോട് പറഞ്ഞിരുന്നു. സുനി സഹതടവുകാരനായിരുന്ന വിപിന്‍ ലാലിനോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നതായാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. വിപിന്‍ ലാലിന്റെ മൊഴി പ്രോസിക്യൂഷന്‍ കോടതിയില്‍ വായിച്ചു. ക്വട്ടേഷനിലൂടെ ദിലീപിന് 65 കോടി രൂപയുടെ നേട്ടം ഉണ്ടാകുമെന്ന് സുനി വിപിന്‍ ലാലിനോട് പറഞ്ഞിരുന്നതായും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ക്വട്ടേഷന്‍ തുക വാങ്ങിയ ശേഷം രക്ഷപെടാനായിരുന്നു പള്‍സര്‍ സുനിയുടെ പദ്ധതിയെന്നും എന്നാല്‍ കൂട്ടുപ്രതി സമ്മതിക്കാഞ്ഞതിനെ തുടര്‍ന്നാണ് കീഴടങ്ങിയതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. മുന്‍ ജാമ്യഹര്‍ജികളെ എതിര്‍ത്തപ്പോള്‍ ഉന്നയിച്ച വാദങ്ങളും പ്രോസിക്യൂഷന്‍ ഉയര്‍ത്തുന്നുണ്ട്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസിലെ സ്ഥിതിഗതികളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ദിലീപിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ച് സ്വാഭാവിക ജാമ്യം തടയാനാണ് പോലീസിന്റെ ശ്രമം. ഇപ്പോള്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ കേസില്‍ വിചാരണ കഴിയുന്നതുവരെ ദിലീപിന് ജയിലില്‍ തുടരേണ്ടതായി വരും.