പദ്‌മനാഭസ്വാമി എന്നെ വിളിക്കുമ്പോൾ പോകുമെന്ന് യേശുദാസ്;മതംമാറ്റമാണെന്നുള്ള വിവാദം അനാവശ്യമെന്നും ഗാനഗന്ധർവൻ

single-img
2 October 2017

 


തിരുവനന്തപുരം: പദ്‌മനാഭസ്വാമി ക്ഷേത്രദർശനം ഉടൻ നടത്തില്ലെന്ന് യേശുദാസ്. ഇത് ആരുടേയും നിർബന്ധത്തിന് വഴങ്ങിയോ, പ്രേരണയിലോ ഉള്ള നിലപാടല്ലെന്നും ദൈവഭയം കൊണ്ടാണെന്നും ഞായറാഴ്‌ച തിരുവനന്തപുരത്ത് സൂര്യ ഫെസ്‌റ്റിവലിന് തുടക്കം കുറിച്ച് നടത്തിയ സംഗീത കച്ചേരിക്കിടയിൽ അദ്ദേഹം പറഞ്ഞു.ശ്രീ പത്മനാഭസ്വാമി ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് താൻ മതം മാറ്റത്തിനൊരുങ്ങിയെന്ന തരത്തിലുള്ള പ്രചാരണവും വിവാദങ്ങളും അനാവശ്യമാണെന്ന് ഗായകൻ കൂട്ടിച്ചേർത്തു.

ഒരു സുഹൃത്തിന്റെ നിർദേശപ്രകാരമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രപ്രവേശനത്തിന് അപേക്ഷ നൽകിയത്. ഭക്തി, സത്യം, വിശ്വാസം, എന്നിവയുണ്ടെങ്കിൽ കയറാമെന്നായിരുന്നു പറഞ്ഞത്. ഹൃദയത്തിൽ ഈശ്വരനുണ്ടെങ്കിൽ എവിടെയും ഓടേണ്ട. ഏകമായ പരബ്രഹ്മത്തെയാണ് താൻ കാണുന്നത്. കയറുമ്പോൾ കയറാം. വലിഞ്ഞുകയറി പ്രശ്നമുണ്ടാക്കുന്നത് എന്തിനാണ്. കഴിഞ്ഞ ദിവസം മാധ്യമങ്ങൾ ക്ഷേത്രത്തിൽ ദർശനം നടത്തുമോയെന്ന് ആരാഞ്ഞിരുന്നു. മറുപടി പറഞ്ഞാൽ അതിന്റെ വ്യാഖ്യാനം വിവാദത്തിലേക്ക് നീങ്ങുമെന്നും യേശുദാസ്​ പറഞ്ഞു.

ഗുരുവായൂരപ്പനെ ഇതുവരെ തൊഴാൻ കഴിഞ്ഞിട്ടില്ല. അന്ന് ഏറെ ആഗ്രഹം തോന്നിയിട്ടും നടക്കാതിരുന്നപ്പോൾ വിഷമമുണ്ടായിരുന്നു. ഒന്നു തൊഴാൻ കഴിഞ്ഞില്ലല്ലോ എന്ന്. ഗുരുവായൂരപ്പനെ ദർശിക്കാതെ കൃഷ്ണന്റെ മറ്റ് ക്ഷേത്രങ്ങളിൽ പോകേണ്ടെന്ന് പിന്നീട് ഒരു ശാഠ്യമുണ്ടായി.എന്നിട്ടും അതിനിടയിൽ സുഹൃത്തുക്കളുടെ പ്രേരണയിൽ ഒരുതവണ ഉഡുപ്പിയിൽ കൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിന് പോകേണ്ടിവന്നു. മൂകാംബികയിൽ പോയി മടങ്ങുമ്പോഴായിരുന്നു അത്. എന്നാൽ അന്ന് ഒരു അത്ഭുതമുണ്ടായി അവിടെ. കൃഷ്ണഭഗവാൻ ഉഡുപ്പിയിൽ ദർശനം നൽകിയത് ശ്രീരാമന്റെ രൂപത്തിൽ അലങ്കാരഭാവത്തോടെയാണ്. അത് ഒരു നിമിത്തമായി കാണുന്നതായും അദ്ദേഹം പറഞ്ഞു.