റിലീസ് ചെയ്ത് മൂന്നാം ദിവസം രാമലീലയുടെ ക്ലൈമാക്‌സ് അടക്കമുള്ള ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍;യൂട്യൂബ് അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

single-img
2 October 2017

ദിലീപ് ചിത്രം രാമലീലയുടെ ക്ലൈമാക്‌സ് അടക്കമുള്ള ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പുറത്തായി. ചിത്രം തിയേറ്ററിലെത്തി ദിവസങ്ങള്‍ക്കകമാണ് യൂട്യൂബില്‍ അടക്കം പ്രചരിക്കുന്നത്.രാഷ്ട്രീയ ത്രില്ലറായ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ ക്ലൈമാക്സെന്നിരിക്കേ അതുള്‍പ്പെടെയുള്ള ഭാഗങ്ങളാണ് യൂട്യൂബില്‍ എത്തിയിരിക്കുന്നത്.

ഡേ ബ്രേക്കിംഗ്, അശ്വതി ക്രിയേഷന്‍സ്, കേരള കഫെ, അക്ഷയ് ചന്ദ്രന്‍ എന്നീ അക്കൗണ്ടുകളിലല്‍ നിന്നാണ് ശനിയാഴ്ച യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.തിയേറ്ററുകളില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ നിലവാരം കുറഞ്ഞ ദൃശ്യങ്ങളാണ് പ്രചരിക്കുന്നവയിലേറെയും. എന്നാല്‍ ഇവ ഏത് തിയറ്ററുകളില്‍ നിന്നും പകര്‍ത്തിയവയാണെന്ന് വ്യക്തമല്ല.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായതിനാല്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു രാമലീല. കേരളത്തില്‍ 191 കേന്ദ്രങ്ങളിലായിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്.ചിത്രത്തിന് കേരളത്തിലങ്ങോളമിങ്ങോളം വന്‍ സ്വീകാര്യത ലഭിക്കുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നതിനിടെയാണ് ഈ രംഗങ്ങള്‍ ചോര്‍ന്നത്.