അഹിംസയുടെ പ്രവാചകന്‍; റവ:ഫാ:യബ്ബേസ് പീറ്റര്‍ (തോമ്പ്ര) എഴുതുന്നു

“ക്രിസ്തുദേവന്റെ പരിത്യാഗശീലവും സാക്ഷാല്‍ കൃഷ്ണനാം ഭഗവാന്റെ ധര്‍മരക്ഷോപായവും ബുദ്ധന്റെ യഹിംസയും ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും -രന്തിദേവന്റെ ദയാവായ്പും ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിന്‍ സ്ഥൈര്യവുമൊരാളില്‍ച്ചേര്‍ന്നൊത്തുകാണണമെങ്കില്‍ ചെല്ലുവിന്‍ ഭവാന്മാരെന്‍ ഗുരുവിന്‍ നികടത്തില്‍ അല്ലായ്കിലവിടുത്തെ ചരിത്രം വായിക്കുവിന്‍,” ദേശീയ ബോധത്തിന്റെ കവി എന്നറിയപ്പെടുന്ന മഹാകവി വളളത്തോള്‍ മഹാത്മാഗാന്ധിയെക്കുറിച്ച് എഴുതിയത് ഇങ്ങനെയാണ്.

ഈ ലോകത്തെ സര്‍വ മഹാന്‍മാരുടെയും വ്യക്തിത്വം ഗാന്ധിജിയില്‍ ഒത്തു കാണുന്നുവെന്ന് എന്റെ ഗുരുനാഥന്‍ എന്ന കവിതയില്‍ വളളത്തോള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആത്മാവായിരുന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി 1869 ഒക്‌ടോബര്‍ 2 ന് ഗുജറത്തിലെ പോര്‍ബന്തറില്‍ ജനിച്ചു. പിതാവ് ദിവാന്‍ കരംചന്ദ് ഗാന്ധി. മാതാവ് പുത്‌ലീഭായി. വീണ്ടും ഒരു ഗാന്ധിജയന്തി കൂടി ആഘോഷിക്കുമ്പോള്‍ ആ മഹാത്മാവിന്റെ ത്യാഗോജ്വല ജീവിതത്തിന്റെ ഏറ്റവും സവിശേഷവും പ്രാധാന്യമുളള ചില സന്ദര്‍ഭങ്ങള്‍ നമ്മുക്ക് ഓര്‍ത്തെടുക്കാം.

143 വര്‍ഷം മുമ്പ് 1869 ഒക്‌ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറില്‍ പിറന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മജിയുടെ ഓര്‍മ, ഇന്ത്യ എന്ന ഉപഭുഖണ്ഡത്തെ മാത്രമല്ല ലോകത്തിലെ സമാധാന കാംക്ഷികളായ സഹോദരങ്ങളുടെയെല്ലാം ഹൃദയങ്ങളെ ത്രസിപ്പിക്കുന്നുണ്ട്. കൂട്ടുകാരെ ഒക്‌ടോബര്‍ രണ്ട് ഗാന്ധിജയന്തി. മഹാത്മജിയുടെ ജന്മദിനം ലോകമനസ്സില്‍ സത്യത്തിന്റെയും അഹിംസയുടെയും ആള്‍രൂപമായ ഗാന്ധിജി ഇന്ന് വീണ്ടും ഉയിര്‍ക്കുകയാണ്. ജനകോടികളുടെ മനസ്സില്‍ ഗാന്ധിസമെന്ന സമാധാന സന്ദേശമായി. കാലം കാണാന്‍ കൊതിച്ചുറങ്ങിയ ഒരു സുന്ദര സ്വപ്നമായിരുന്നു ഗാന്ധി.

രാജഭരണം ആഭരണമണിയിച്ച ഇന്ത്യയുടെ ചരിത്രത്തില്‍ നാട്ടുരാജ്യങ്ങളുടെ കലഹങ്ങള്‍ക്കിടയിലൂടെ വ്യവസായ കണ്ണുമായി നുഴഞ്ഞു കയറിയ വിദേശ ശക്തികളെ അഹിംസയുടെ മാര്‍ഗ്ഗത്തിലൂടെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് തുരത്താന്‍ പിറവിയെടുത്ത പ്രവാചക ജന്മം. ‘നിങ്ങളെ ഞാന്‍ അക്രമം പഠിപ്പിക്കുകയില്ല കാരണം അതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല എന്നാല്‍, ജീവന്‍ പോയാലും ആരുടെ മുന്നിലും തലകുനിക്കാതിരിക്കുന്നതെങ്ങനെ എന്നു നിങ്ങളെ പഠിപ്പിക്കാന്‍ എനിക്ക് സാധിക്കും’ എന്നു പ്രഖ്യാപിച്ചു കൊണ്ടാണ്, ഉദാത്തമായ മാനുഷിക മൂല്യങ്ങളുടെ ചലിക്കുന്ന മന്ദിരമായി ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുന്‍നിര നായകനായി സ്വാതന്ത്രസമരത്തിന്റെ മുന്നണിപ്പോരാളിയായത്.

ഹിന്ദുധര്‍മ്മവും ജൈനസിദ്ധാന്തങ്ങളും ക്രിസ്തീയ മൂല്യങ്ങളും ഏറെ സ്വാധീനം ചെലുത്തിയ ഗാന്ധി മനസ്സില്‍ ഭഗവത്ഗീതയും വിശുദ്ധ ബൈബിളിലെ അഷ്ടഭാഗ്യങ്ങളും ദേവസ്വരമായി ഒരാള്‍ ചിന്തിക്കുന്നതും പറയുന്നതും ചെയ്യുന്നതും ഒന്നാകുമ്പോഴാണു യഥാര്‍ത്ഥ സന്തോഷം അയാള്‍ അറിയുന്നത് എന്നദ്ദേഹം തിരിച്ചറിഞ്ഞു. മറ്റുളളവര്‍ക്കു സേവനം ചെയ്തു സ്വയം നഷ്ടപ്പെടുമ്പോഴാണ് നിങ്ങള്‍ നിങ്ങളെ തിരിച്ചറിയുന്നത് എന്ന ഗാന്ധി സുക്തം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്ന് ഊര്‍ന്നു വീണതാണ്.

ഭാരതത്തിന്റെ ഭാവവും രാഗവും താളവും തന്റെ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും സത്യാഗ്രഹത്തിലും വെളിപ്പെടുത്തിയ ഗാന്ധിജിക്കു ധാരാളം ശിഷ്യഗണങ്ങളുണ്ടായി. ആചാര്യ വിനോബഭാവ, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, മീര ബഹന്‍, സി.എഫ് ആന്‍ഡ്രൂസ്, നര്‍ഹരി പരീഖ്, രവിശങ്കര്‍ വ്യാസ്, ഖാന്‍ അബ്ദുല്‍ ഖാഫര്‍ ഖാന്‍ തുടങ്ങിയ പ്രമുഖര്‍ ഗാന്ധിസത്തിന്റെ അധ്യാപകരായപ്പോള്‍ ഗാന്ധിജി കാലം രുചിച്ചറിഞ്ഞ ഇന്ത്യയുടെ ഉപ്പുരസമായി. സ്വതന്ത്ര ഇന്ത്യ മദ്യപാനം എന്ന മാരകശീലത്തിന് അടിമയാണെന്ന തിരിച്ചറിവില്‍ ഹൃദയം വെന്ത ഗാന്ധി, സര്‍ക്കാര്‍ മദ്യനിരോധനം നടത്തണമെന്നാഗ്രഹിച്ചു. അദ്ദേഹം പറഞ്ഞു സദാചാരപരമായ ഏറ്റവും വലിയ പരിഷ്‌കാരമാണു മദ്യനിരോധനം. മദ്യപാനികളും കറുപ്പുതീറ്റക്കാരും പണം ദുരപയോഗപ്പെടുത്തുന്നവരാണ്. ലഹരി സാധനങ്ങളുടെ വിറ്റുവരവു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കുട്ടികള്‍ക്കു വിദ്യാഭ്യാസം നടത്തുന്നത് പാപമാണ്.

ഈ തിന്മയെ നാം വേരോടെ പിഴുതെറിയുമെങ്കില്‍ രാഷ്ട്രത്തിന്റെ വരവ് വര്‍ധിപ്പിക്കാനുളള മറ്റ് വളരെയേറെ മാര്‍ഗ്ഗങ്ങളും മാധ്യമങ്ങളും നിഷ്പ്രയാസം നമ്മുക്ക് കരഗതമാകും. ഗാന്ധിജയന്തി നമ്മുക്ക് സേവനദിനമാണ്. മുന്‍പ് ഇതു സേവനവാരമായിരുന്നു. ക്ലാസിലെയും മുറ്റത്തേയും കടലാസു നീക്കിയും പുല്ലുപറിച്ചും കല്ലുപെറുക്കിയും മാത്രം നമ്മള്‍ ഈ ദിനം ആചരിക്കരുത് ഭാരതീയന്റെ സാമൂഹിക വളര്‍ച്ചയുടെ വഴിയില്‍ തടസമായി കിടക്കുന്ന എല്ലാ ഛിദ്രവാസനകളുടെയും മാലിന്യങ്ങള്‍ തുത്തെറിയാന്‍ നമ്മുക്ക് കഴിയണം. ഇന്ത്യ സ്വാതന്ത്രവഴിയിലൂടെ നടക്കട്ടെ അതിനായി നമ്മുടെ ക്ലാസും സ്‌കൂളും പരിസരവും നമ്മുക്ക് ലഹരി വിമുക്തമാക്കാം നമ്മിലെ ദുശ്ശീലങ്ങളുടെയും ദുഷിച്ച മൂല്യങ്ങളുടെയും ജീര്‍ണിപ്പുകള്‍ തുടച്ചു നീക്കുന്നതിനും ഈ ഗാന്ധി ജയന്തി ദിനത്തില്‍ നമ്മുക്ക് തുടക്കമിടാം.

റവ:ഫാ:യബ്ബേസ് പീറ്റര്‍ (തോമ്പ്ര)

ഭാരത് മാതാ കീ…..ജയ്