പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി പറഞ്ഞ് ഫാദര്‍ ടോം ഉഴുന്നാലില്‍ കൊച്ചിയിലെത്തി;സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താത്തത് അനൗചിത്യമെന്ന് പ്രതിപക്ഷ നേതാവ്

single-img
1 October 2017

കൊച്ചി : ഐഎസ് ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി. രാവിലെ 7.15 ഓടെ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയ ഫാദര്‍ ടോമിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പാല രൂപത സഹായമെത്രാന്റെ നേതൃത്വത്തില്‍ പുരോഹിത പ്രമുഖര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. എന്നാല്‍ സര്‍ക്കാര്‍ പ്രതിനിധികളാരും സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നില്ല.

ഇന്ന് വൈകിട്ട് ജന്മനാടായ രാമപുരത്ത് അദ്ദേഹത്തിന് സ്വീകരണവും നല്‍കും. സ്വീകരിക്കാന്‍ എത്തിയവര്‍ക്ക് നന്ദി പറഞ്ഞ ടോം,എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടേയെന്നും പറഞ്ഞു. എന്നാല്‍ ടോമിനെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തി.

ഫാദറിനെ സ്വീകരിക്കുവാന്‍ എത്താതിരുന്നത് അനൗചിത്യമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നെടുമ്ബാശേരിയില്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രതിനിധിയായി ഏതെങ്കിലും മന്ത്രിയെ എങ്കിലും അയക്കാമായിരുന്നുവെന്നും അനൗചിത്യം മാറ്റേണ്ടിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. സാധാരണ ഗതിയില്‍ ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗൗരവം കാണിക്കേണ്ടതുണ്ടായിരുന്നുവെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.