എന്‍.ഡി.എ സര്‍ക്കാരിന്റെ അവസാനകാലത്ത് വച്ചുനീട്ടുന്ന നക്കാപ്പിച്ച ബി.ഡി.ജെ.എസ് വാങ്ങരുത്;വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 5000 വോട്ട് പോലും കിട്ടില്ല;വെള്ളാപ്പള്ളി

single-img
1 October 2017

ബി.ജെ.പി നേതൃത്വത്തെ വിമര്‍ശിച്ച്‌ വെള്ളാപ്പള്ളി നടേശന്‍.വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പോസ്റ്റര്‍ അടിച്ച പൈസ നഷ്ടമാകും. 5000 വോട്ട് പോലും കിട്ടില്ല. ബി.ജെ.പിക്ക് പിന്നോക്കക്കാരോട് മമതയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്‍.ഡി.എ സര്‍ക്കാരിന്റെ അവസാനകാലത്ത് വച്ചുനീട്ടുന്ന നക്കാപ്പിച്ച ബി.ഡി.ജെ.എസ് വാങ്ങരുതെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.

ബി.ഡി.ജെ.എസ് നേതൃത്വത്തെ അനുനയിപ്പിക്കുന്നതിന് രണ്ടാഴ്ചയ്ക്കുള്ളില്‍ ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

ബി.ഡി.ജെ.എസിനെ മുന്നണിയിലേക്ക് ക്ഷണിച്ച യു.ഡി.എഫ് കഴിഞ്ഞ കാലം മറക്കരുത്. തനിക്കെതിരെ മുന്‍പുസ്വീകരിച്ച നിലപാടുകള്‍ തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് ഏറ്റുപറയാതെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ട് കാര്യമില്ലെന്ന് വെള്ളാപ്പള്ളി കൊല്ലത്ത് പറഞ്ഞു. സമത്വമുന്നേറ്റയാത്രയെ തകര്‍ക്കാനും തന്നെ ജയിലിലാക്കാനും വി.എം.സുധീരന്‍ ശ്രമിച്ചപ്പോള്‍ മൗനം പാലിച്ചവരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.