ഇവിടെ മുഖ്യതന്ത്രി തന്നെ മുഖ്യമന്ത്രിയും

single-img
30 September 2017

ഗോരഖ്പൂര്‍: മുഖ്യമന്ത്രിയുടെ റോളും ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യതന്ത്രി സ്ഥാനവും ഒരുപോലെ കൈകാര്യം ചെയ്ത് യോഗി ആദിത്യനാഥ്. ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യപുരോഹിതനാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കുന്നതും യോഗിയാണ്. വെള്ളിയാഴ്ച ക്ഷേത്രത്തില്‍ നടന്ന കന്യകാ പൂജക്ക് കാര്‍മികത്വം വഹിച്ചത് ആദിത്യനാഥായിരുന്നു. ദുര്‍ഗാ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണി മുതല്‍ ഏഴു മണിവരെ പൂജ നടത്തിയ അദ്ദേഹം പെണ്‍കുട്ടികളുടെ പാദപൂജ നടത്തുന്ന ‘കന്യാ പൂജ’ ചടങ്ങും നിര്‍വഹിച്ചു.

ഒമ്പതു പെണ്‍കുട്ടികളുടെ പാദപൂജ നിര്‍വഹിച്ച യോഗി അവര്‍ക്ക് കുങ്കുമവും ഹാരവും ഷാളുമണിയിച്ചു. ക്ഷേത്രത്തില്‍ കുട്ടികള്‍ക്കായുള്ള സദ്യ വിളമ്പിയതും യോഗിയായിരുന്നു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി അഞ്ചുദിവസം പ്രഭാത പ്രത്യേക പൂജകള്‍ നിര്‍വഹിച്ചത് യോഗിയാണെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.

ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കു ശേഷം അദ്ദേഹം മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വങ്ങളും നിര്‍വേറ്റി. ദസഹ മുഹറം ആഘോഷങ്ങള്‍ക്കായുള്ള സുരക്ഷ ഏര്‍പ്പെടുത്തതിനുള്ള പ്രദേശിക ഭരണചുമതലയുള്ളവരുമായുള്ള കൂടിക്കാഴ്ച, ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉന്നതതല ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ എന്നിവയും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു.