വിവിപാറ്റിന് ഔദ്യോഗിക അംഗീകാരം: എല്ലാ തിരഞ്ഞെടുപ്പുകളിലും ഉപയോഗിക്കുമെന്ന് കമ്മീഷന്‍

single-img
30 September 2017

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു കളത്തില്‍ വീണ്ടും ‘കടലാസ്’ വരുന്നു. വരാനിരിക്കുന്ന എല്ലാ ലോക്‌സഭ നിയമസഭ തിരഞ്ഞെടുപ്പുകളിലും വോട്ട് രസീത്(വിവിപാറ്റ്) ഉപയോഗിക്കുമെന്ന് കമ്മീഷന്‍ ഔദ്യോഗികമായി വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്കും ഇത് ചൂണ്ടിക്കാട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ കത്തയച്ചു.

ഈയാഴ്ച ആദ്യമാണ് കമ്മിഷന്‍ കത്തയച്ചത്. ഇതോടെ ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലായിരിക്കും വിവിപാറ്റ് ആദ്യമായി ഉപയോഗിക്കുക. പിന്നാലെ ഹിമാചല്‍പ്രദേശിലും ഉപയോഗിക്കും. രണ്ടു സംസ്ഥാനങ്ങള്‍ക്കുമായി 30,000 വിവിപാറ്റ് യന്ത്രങ്ങളാണ് വേണ്ടത്. മാര്‍ച്ചില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നപ്പോള്‍ വിവിപാറ്റ് ഉപയോഗിക്കണമെന്ന് കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇപ്പോള്‍ ഔദ്യോഗികമായി നിര്‍ദ്ദേശം നല്‍കുകയാണ് കമ്മിഷന്‍ ചെയ്തിരിക്കുന്നത്.

തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ സംവിധാനം ഉറപ്പാക്കണമെന്ന 2013ലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി നേരത്തെ സുപ്രീംകോടതിയില്‍ ഹര്‍ജി വന്നിരുന്നു. 2019ല്‍ വിവിപാറ്റ് ഉപയോഗിക്കുമെന്ന് കമ്മീഷന്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് കേസ് തീര്‍പ്പാക്കുകയായിരുന്നു.

വിവിപാറ്റ് സംവിധാനം ഉറപ്പാക്കുന്നതിന് 3174 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിനും ഹൈദരാബാദിലെ ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഒഫ് ഇന്ത്യയ്ക്കും വിവിപാറ്റ് മെഷീനുകളുടെ നിര്‍മാണത്തിന് കരാര്‍ നല്‍കിയിട്ടുണ്ട്. ആകെ 16.15 ലക്ഷം യന്ത്രങ്ങളാണ് വേണ്ടത്. ഇത് 2018 സെപ്തംബറോടെ ലഭ്യമാക്കുമെന്നാണ് കമ്പനികള്‍ അറിയിച്ചിട്ടുള്ളത്.

വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്നറിയപ്പെടുന്ന വിവിപാറ്റ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്ററാണ്. ഒരു വോട്ടര്‍ വോട്ടു ചെയ്യമ്പോള്‍ അത് ഒരു പേപ്പര്‍ സ്ലിപ്പില്‍ അച്ചടിച്ചു വരും. വോട്ടര്‍ക്ക് ഇതു പരിശോധിച്ച്, തന്റെ വോട്ട് ശരിയായിത്തന്നെയാണോ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്താം.

ഇതിന് ഏഴു സെക്കന്‍ഡ് സമയമാണ് ലഭിക്കുക. ഈ സ്ലിപ്പ് വോട്ടര്‍ക്ക് വീട്ടിലേക്കു കൊണ്ടു പോകാനാവില്ല. പകരം യന്ത്രത്തോട് ചേര്‍ന്നുള്ള പെട്ടിയിലേക്ക് മുറിഞ്ഞ് വീഴുകയാണ് ചെയ്യുന്നത്. സ്ലിപ്പ് വീഴുന്ന പെട്ടി തുറക്കാന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ കഴിയൂകയുള്ളൂ. വോട്ടെടുപ്പ് സംബന്ധിച്ച് ക്രമക്കേട് ആരോപണം ഉയര്‍ന്നാല്‍ വിവിപാറ്റിലെ സ്ലിപ്പുകള്‍ കമ്മിഷന്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പരിശോധിക്കും.