ഭീകരരുടെ ആവശ്യമില്ല, ആളുകളെ കൊല്ലാന്‍ ഇന്ത്യന്‍ റയില്‍വേ ഉണ്ടല്ലോ?: പരിഹസിച്ച് രാജ് താക്കറേ

single-img
30 September 2017

എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ ദുരന്തത്തില്‍ റെയില്‍വേയെ വിമര്‍ശിച്ച് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എം.എന്‍.എസ്) നേതാവ് രാജ് താക്കറെ. എന്തിനാണ് ഭീകരരെയും പാകിസ്താനെ പോലെയുള്ള ശത്രുക്കളുടെയും ആവശ്യം. ആളുകളെ കൊന്നൊടുക്കാന്‍ നമ്മുടെ റെയിവേ തന്നെ ധാരാളമാണെന്നും മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജ് താക്കറെ വിമര്‍ശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ മുംബൈയിലൂടെ ഓടില്ലെന്നും രാജ് താക്കറെ വ്യക്തമാക്കി. ലോക്കല്‍ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ഒരുകട്ടപോലും ഇടാന്‍ അനുവദിക്കില്ലെന്നും രാജ് താക്കറെ മുന്നറിയിപ്പ് നല്‍കി.

നഗരങ്ങളില്‍ അതിജീവനത്തിനായി പോരാടുന്ന ജനങ്ങളോടു യോഗ ചെയ്യാനും സ്വച്ഛ് ഭാരത് കാമ്പയ്ന്‍ നടത്താനും മോദി പറയുന്നു. ഞങ്ങള്‍ ഒരു ‘ബുള്ളറ്റ് ട്രെയിന്‍ വേണ്ട’ കാമ്പയ്ന്‍ ആരംഭിക്കുമെന്നും രാജ് താക്കറെ പറഞ്ഞു. അപകടങ്ങള്‍ക്കു റെയില്‍ മന്ത്രാലയം മഴയെ പഴിച്ചു രക്ഷപ്പെടുകയാണെന്നും ഇതാദ്യമായല്ല മുംബൈയില്‍ മഴ പെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ കച്ചവടം നടത്തുന്ന അനധികൃത വില്‍പ്പനക്കാരെ എത്രയും വേഗം പുറത്താക്കണമെന്നും അതിന് റെയില്‍വേ തയാറാകുന്നില്ലെങ്കില്‍ സ്വന്തം നിലയ്ക്കു വേണ്ടതു ചെയ്യുമെന്നും താക്കറെ ഭീഷണി മുഴക്കി.

എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനെയും സമീപത്തെ ലോവര്‍ പാരല്‍ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന നടപ്പുമേല്‍പ്പാലത്തിലാണ് കഴിഞ്ഞദിവസം അപകടമുണ്ടായത്. ആളുകള്‍ കൂട്ടമായി പാലത്തില്‍ കയറിയതോടെ തിക്കും തിരക്കുമുണ്ടായി പലരും നിലത്തു വീണു ചവിട്ടേറ്റാണ് മരിച്ചത്.