ഖത്തറിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത് 206 ഇന്ത്യക്കാര്‍

single-img
30 September 2017

ദോഹ: ഖത്തറില്‍ സെന്‍ട്രല്‍ ജയിലിലും നാടുകടത്തല്‍ കേന്ദ്രത്തിലുമായി കഴിയുന്നത് നിരവധി ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ പുറത്തു വരുന്ന കണക്കനുസരിച്ച് സെന്‍ട്രല്‍ ജയിലില്‍ 206 ഉം നാടുകടത്തല്‍ കേന്ദ്രത്തില്‍ 118 ഉം ഇന്ത്യക്കാര്‍ ഉണ്ട്. ഇന്ത്യന്‍ എംബസിയുടെ പ്രതിമാസ ഓപ്പണ്‍ ഹൗസിലാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

സെപ്തംബറില്‍ മാത്രം 64 ഇന്ത്യക്കാര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായും 19 പേര്‍ക്ക് വിമാനടിക്കെറ്റ് നല്‍കിയതായും എംബസി വൃത്തങ്ങള്‍ അറിയിച്ചു. ജയിലിലും നാടുകടത്തല്‍ കേന്ദ്രങ്ങളിലും കഴിയുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ അറിയുന്നതിനായി എംബസിയില്‍ നിന്നുള്ള സംഘം ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായും എംബസി അധികൃതര്‍ അറിയിച്ചു.

ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ നടത്തിയ ഒമ്പത് പ്രതിമാസ ഓപ്പണ്‍ ഹൗസുകളിലായി 47 പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഇതില്‍ ബാക്കിയുള്ള 14 പരാതികള്‍ പരിഹരിക്കുന്നതിനുളള ശ്രമങ്ങള്‍ എംബസി നടത്തിവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.