പി.ടി ഉഷയുടെ ജീവിതം സിനിമയാകുന്നു: 100 കോടി മുതല്‍ മുടക്കുള്ള ചിത്രത്തില്‍ നായിക പ്രിയങ്ക ചോപ്ര

single-img
30 September 2017


ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച അത്‌ലറ്റ് പി ടി ഉഷയുടെ ജീവിതം സിനിമയാകുന്നു. പ്രിയങ്ക ചോപ്രയാണ് പി.ടി ഉഷയായി വെള്ളിത്തിരയിലെത്തുന്നത്. 1985 ലും 1986 ലും ലോക അത്‌ലറ്റിക്‌സിലെ മികച്ച പത്തുതാരങ്ങളില്‍ ഒരാളായിരുന്നു പി.ടി. ഉഷ.

പി.ടി. ഉഷ ഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ സംവിധായിക രേവതി എസ്. വര്‍മ്മയാണ്. ഹിന്ദിയിലാണ് സിനിമ ചിത്രീകരിക്കുന്നതെങ്കിലും മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

എ.ആര്‍. റഹ്മാന്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡോ.രാജേഷ് സര്‍ഗം ആണ്. 100 കോടി രൂപ നിര്‍മ്മാണ ചെലവ് വരുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബാക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ്.

ബാക് വാട്ടര്‍ സ്റ്റുഡിയോയ്‌ക്കൊപ്പം പ്രശസ്ത ഹോളിവുഡ് ബാനറും നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ട്. ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലേയും പ്രമുഖ താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും ചിത്രത്തിന്റെ ഭാഗമാകും.

നേരത്തേ ഇന്ത്യയുടെ ബോക്‌സിങ് താരം മേരി കോമിന്റെ ജീവിതകഥ പറയുന്ന സിനിമയിലും പ്രിയങ്കയായിരുന്നു നായിക. ചിത്രം വന്‍ ബോക്‌സ്ഓഫീസ് ഹിറ്റായിരുന്നു.