പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി: ‘ചിലര്‍ക്ക് ആര്‍ത്തിയാണ്, കിട്ടുന്നതെല്ലാം പോരട്ടെ എന്നാണ് അവരുടെ രീതി’

single-img
30 September 2017

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ സേവിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ജീവിക്കാന്‍ ആവശ്യമായ ശമ്പളം കിട്ടുന്നുണ്ടെങ്കിലും ചിലര്‍ തൃപ്തരല്ല. ചില ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ആര്‍ത്തിയാണ്.

കിട്ടുന്നതെല്ലാം പോരട്ടെ എന്നാണ് അവരുടെ രീതി. പൊതുമരാമത്തില്‍ അഴിമതിക്കാര്‍ ഇപ്പോഴും ഉണ്ട്. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊതുമരമാത്ത് വകുപ്പിനെ സംബന്ധിച്ച് പൊതു ജനങ്ങള്‍ക്കിടയിലുള്ള കാഴ്ചപ്പാടിന് കാരണം മുന്‍കാലത്തെ പ്രവര്‍ത്തനങ്ങളാണ്. ഇത് തിരുത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കരാറുകാര്‍ക്ക് വഴിപ്പെട്ട ഉദ്യോഗസ്ഥരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന് കാര്യക്ഷമത ഇല്ലാത്തതാണ് പദ്ധതികള്‍ പറഞ്ഞ സമയത്ത് പൂര്‍ത്തിയാകാതിരിക്കാന്‍ കാരണം. പൊതുമരാമത്ത് പദ്ധതിയുടെ പണം വിനിയോഗിക്കുന്നതില്‍ കേരളം ഏറെ പുറകിലാണ്. ആസൂത്രണത്തിന്റെ കുറവാണ് ഇതിന് കാരണമെന്നും പിണറായി പറഞ്ഞു.

തിരുവനന്തപുരത്ത് എഞ്ചിനീയേഴ്‌സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.