നടിക്കെതിരായ പരാമര്‍ശം: പി.സി ജോര്‍ജ് വിശദീകരണം നല്‍കി

single-img
30 September 2017

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയേയും, വനിതാ കമ്മീഷനേയും അധിക്ഷേപിച്ച സംഭവത്തില്‍ പി.സി ജോര്‍ജ് എംഎല്‍എ വനിതാ കമ്മീഷന്‍ മുമ്പാകെ വിശദീകരണം നല്‍കി. ജോര്‍ജിന്റെ മറുപടി തൃപ്തികരമാണോയെന്ന് റിപ്പോര്‍ട്ട് കിട്ടിയശേഷം പ്രതികരിക്കാമെന്ന് കമ്മീഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു.

സ്പീക്കറുടെ അനുമതിയോടെയാണ് പി സി ജോര്‍ജിന്റെ മൊഴിയെടുത്തത്. കമ്മീഷനോട് തനിക്ക് ബഹുമാനമാണെന്ന് ജോര്‍ജ് പിന്നീട് പ്രതികരിച്ചു. പൊതുവേദികളില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തില്‍ ആണെന്ന് വിലയിരുത്തിയാണ് പിസി ജോര്‍ജിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.

ഈ സാഹചര്യത്തിലാണ് എംഎല്‍എയുടെ വിശദീകരണം തേടിയത്. ആക്രമിക്കപ്പെട്ട നടിക്കെതിരെ നിരവധി തവണ പരാമര്‍ശങ്ങളുമായി എംഎല്‍എ രംഗത്തു വന്നിരുന്നു. ക്രൂരപീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെയാണ് അടുത്തദിവസം നടി അഭിനയിക്കാന്‍ പോയതെന്നാണ് ജോര്‍ജ് ചോദിച്ചത്.

നടി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് നെടുമ്പാശേരി പൊലീസ് ജോര്‍ജിനെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ തനിക്കെതിരായ പ്രചാരണത്തിന് ഉപയോഗിച്ചതായി നടി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. വ്യക്തിഹത്യ നടത്തുന്നതിന് തുല്യമായിരുന്നു പ്രസ്താവന. ഇത് സാധാരണക്കാര്‍ക്കിടയില്‍ തന്നെക്കുറിച്ച് സംശയത്തിന് ഇടനല്‍കിയെന്നും പരാതിയില്‍ നടി പറഞ്ഞിരുന്നു.