സുരേഷ് ഗോപിയുടെ എല്ലാ കാര്യങ്ങളിലും മമ്മൂട്ടി ജേഷ്ഠനെ പോലെ ഇടപെട്ടു; പക്ഷേ ഒരു സുപ്രഭാതത്തില്‍ ഇരുവരും ശത്രുക്കളായി: മമ്മൂട്ടിയും സുരേഷ് ഗോപിയും അടിച്ചുപിരിഞ്ഞത് എന്തിന് ?

single-img
30 September 2017

മമ്മൂട്ടിയ്ക്കും സുരേഷ് ഗോപിയ്ക്കും ഇടയില്‍ ഇടയ്ക്കിടെ ഉണ്ടാവുന്ന ഇണക്കവും പിണക്കവും പരസ്യമായ രഹസ്യമാണ്. തങ്ങള്‍ തമ്മില്‍ ശത്രുതയിലാണെന്ന് പലപ്പോഴും സുരേഷ് ഗോപി തന്നെ പരസ്യമായി വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള പിണക്കം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.

അത് വര്‍ഷങ്ങളായുള്ള പിണക്കമാണ്. പിണക്കത്തിന് കാരണമെന്താണെന്ന് സുരേഷ് ഗോപിയോ മമ്മൂട്ടിയോ ഇതുവരെ പരസ്യമായി പറഞ്ഞിട്ടുമില്ല. കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ പത്രസമ്മേളനത്തില്‍ ഇരുവരും തമ്മിലുള്ള പിണക്കത്തിന്റെ കാര്യം വീണ്ടും ഉയര്‍ന്നു വന്നിരുന്നു.

പക്ഷേ പിണക്കത്തിനുള്ള കാരണം സുരേഷ് ഗോപി അപ്പോഴും മറച്ചുവച്ചു. മമ്മൂട്ടിയുമായുള്ള പിണക്കം ഇതുവരെ തീര്‍ന്നിട്ടില്ലെന്നും എന്നാല്‍ പിണക്കത്തിന്റെ കാരണം വ്യക്തമാക്കില്ലെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു കഥ ഇങ്ങനെയാണ്. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘പപ്പയുടെ സ്വന്തം അപ്പൂസി’ന്റെ ഷൂട്ടിംഗ് വേളയിലാണത്രെ ഇരുവരും തമ്മില്‍ പിണക്കം ഉടലെടുത്ത്. ഷൂട്ടിംഗിനിടയില്‍ സുരേഷ്‌ഗോപിക്ക് വീട്ടിലേക്ക് അത്യാവശ്യമായി പോകേണ്ടിവന്നു.

അതേസമയം മമ്മൂട്ടിയും മദ്രാസില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കാറില്‍ വരാന്‍ തീരുമാനിച്ചു. സുരേഷിനെ താന്‍ വീട്ടിലെത്തിച്ചുകൊളളാമെന്ന് മമ്മുട്ടി പറഞ്ഞത് അനുസരിച്ച് സുരേഷ്‌ഗോപിക്ക് പ്രൊഡക്ഷനില്‍ നിന്ന് വിമാന ടിക്കറ്റും എടുത്തില്ല.

നല്ല റോഡും രാത്രിസമയവും, മമ്മൂട്ടി അമിതവേഗതയില്‍ കാര്‍ ചവിട്ടിവിടാന്‍ തുടങ്ങി. എന്നാല്‍, അമിതവേഗം സഹിക്കാന്‍ വയ്യാതെ പതുക്കെ ഓടിക്കാന്‍ സുരേഷ്‌ഗോപി പറഞ്ഞു. കുപിതനായ മമ്മൂട്ടി സുരേഷ്‌ഗോപിയെ വഴിയിലിറക്കിവിട്ടു. കോയമ്പത്തൂരിനടുത്ത,് പെരുവഴിയിലായിപ്പോയ താരം പിന്നീട് ലോറിയില്‍ കയറിയാണത്രേ യാത്ര തുടര്‍ന്നത്. ഇതിന്റെ സത്യവും സിനിമ ലോകത്തെ ആരും സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം എന്തിനാണ് മമ്മൂട്ടിയുമായി സുരേഷ് ഗോപി അകന്നതെന്നതിനെക്കുറിച്ച് പല കഥകളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ സത്യത്തില്‍ സംഭവിച്ചത് അതൊന്നുമല്ല. സഹോദരങ്ങളെ പോലെയാണ് ഇരുവരും കഴിഞ്ഞത്. സുരേഷ് ഗോപിയുടെ എല്ലാ കാര്യങ്ങളിലും മമ്മൂട്ടി ജേഷ്ഠനെ പോലെ ഇടപെട്ടിരുന്നു.

സുരേഷ് ഗോപിക്കും അതിഷ്ടമായിരുന്നു. സുരേഷ് ഗോപി ശാസ്തമംഗലത്ത് വീട് പണിയുന്ന കാലത്ത് ഇടയ്ക്ക് മമ്മൂട്ടി വരുമായിരുന്നു. മമ്മൂട്ടിയുടെ നിര്‍ദ്ദേശം കൂടി ഉള്‍ക്കൊണ്ട് വീടിന്റെ പ്ലാനില്‍ പല മാറ്റങ്ങളും വരുത്തിയിരുന്നു. സുരേഷ് ഗോപിയുടെ സൗന്ദര്യസംരക്ഷണ കാര്യങ്ങളില്‍ പോലും മമ്മൂട്ടി നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.

അങ്ങനെയിരിക്കെ 1997ല്‍ കളിയാട്ടവും ഭൂതക്കണ്ണാടിയും ഇറങ്ങി. രണ്ടു ചിത്രവും ദേശീയ പുരസ്‌ക്കാരത്തിനായി മല്‍സരിച്ചു. പക്ഷെ, മികച്ച നടനുള്ള പുരസ്‌ക്കാരം മമ്മൂട്ടിയെ മറികടന്ന് സുരേഷ് ഗോപിക്ക് ലഭിച്ചു. ഈ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ മദ്രാസിലെ ഒരു സ്റ്റുഡിയോയില്‍ സുരേഷ് ഗോപി മമ്മൂട്ടിയെ കാണാന്‍ ചെന്നു.

എന്നാല്‍ മമ്മൂട്ടി സുരേഷ് ഗോപിയെ മൈന്‍ഡ് ചെയ്തില്ല. വളരെ ഇറിട്ടേറ്റഡായി പെരുമാറുകയും ചെയ്തു. അത് സുരേഷ് ഗോപിയെ ഏറെ വേദനിപ്പിച്ചെന്ന് സിനിമയിലുള്ളവര്‍ പറയുന്നു. അതോടെ ഇരുവരും തമ്മില്‍ മാനസികമായി അകലുകയായിരുന്നത്രെ.