കുല്‍ഭൂഷണ്‍ യാദവിന്റെ മോചനവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ പറഞ്ഞത് നുണയാണെന്ന് ഇന്ത്യ

single-img
30 September 2017

ന്യൂഡല്‍ഹി: മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന്റെ മോചനവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ പറഞ്ഞത് നുണയാണെന്ന് ഇന്ത്യ. ജയിലില്‍ കഴിയുന്ന ഭീകരനെ കുല്‍ഭൂഷണ്‍ യാദവുമായി വച്ചുമാറാന്‍ തയ്യാറാണെന്ന വാഗ്ദാനം ലഭിച്ചെന്നായിരുന്നു പാകിസ്താന്റെ അവകാശവാദം.

2014ല്‍ പെഷവാറിലെ ആര്‍മി സ്‌കൂളില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരനെ വച്ചുമാറാനാണ് ആവശ്യപ്പെട്ടതെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. പാക് വിദേശകാര്യമന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്.

പെഷവാര്‍ സ്‌കൂള്‍ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരന്‍ ഇപ്പോള്‍ അഫ്ഗാനിസ്താനിലെ ജയിലില്‍ ആണെന്നും ചൊവ്വാഴ്ച ആസിഫ് പറഞ്ഞിരുന്നു. ന്യൂയോര്‍ക്കില്‍ ഏഷ്യാ സൊസൈറ്റിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആസിഫ്.

എന്നാല്‍, ഈ വാഗ്ദാനം നല്‍കിയത് ആരാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. അതേസമയം പാകിസ്താന്റെ വാദം നുണയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് റാവീഷ് കുമാര്‍ പറഞ്ഞു. സാങ്കല്‍പികവും നുണക്കഥയുമാണിത്.

യു എന്‍ പൊതുസഭയില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ കണ്ടതാണ്. കശ്മീരിലേതെന്ന് അവകാശപ്പെട്ട് കാണിച്ച ചിത്രം മറ്റൊരു രാജ്യത്തില്‍ നിന്ന് പകര്‍ത്തിയതാണെന്ന് തെളിഞ്ഞു. ഇത്തരം നുണകളുടെ കൂട്ടത്തിലെ മറ്റൊരു നുണയാണ് ഇതെന്നും റാവിഷ് ആരോപിച്ചു.

ഇന്ത്യക്കു വേണ്ടി ചാരവൃത്തി ആരോപിച്ചാണ് മുന്‍നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണെ പാകിസ്താന്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കുവേണ്ടി കുല്‍ഭൂഷണ്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് ഇന്ത്യയുടെ വാദം. കുല്‍ഭൂഷണിന്റെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിട്ടുണ്ട്.