ഒരു സിനിമ സംവിധാനം ചെയ്യണമെന്നുണ്ട്, ചില സ്റ്റോറിയും മനസിലുണ്ട്; ആഗ്രഹം വെളിപ്പെടുത്തി ദുല്‍ഖര്‍

single-img
30 September 2017

മലയാളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള യൂത്ത് നടന്‍ ആരെന്ന് ചോദിച്ചാല്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്നായിരിക്കും ഉത്തരം. അഭിനയമായിരുന്നില്ല മറിച്ച് സംവിധാനമായിരുന്നു തന്റെ ലക്ഷ്യമെന്ന് ദുല്‍ഖര്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

ഒരു സിനിമ സംവിധാനം ചെയ്യുകയെന്നത് തന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നു. ചില സ്റ്റോറിലൈനുകള്‍ മനസിലുണ്ടെന്നും എന്നാല്‍ എഴുത്തില്‍ താന്‍ വളരെ പിന്നിലാണെന്നും ദുല്‍ഖര്‍ പറയുന്നു. സംവിധായകന്‍ ആകാനായിരുന്നു ആഗ്രഹം.

എന്നാല്‍, അയാള്‍ അഭിനയത്തില്‍ നിന്ന് ഒളിച്ചോടി എന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ എനിക്ക് താല്‍പ്പര്യമില്ലായിരുന്നു. അങ്ങനെയാണ് ഭയമുള്ള കാര്യം ചെയ്യാന്‍ തീരുമാനിച്ചതും അഭിനയത്തിലേക്ക് വന്നതെന്നും ദുല്‍ഖര്‍ പറയുന്നു.

എപ്പോഴെങ്കിലും നിര്‍മ്മാണരംഗത്തേക്ക് വരുന്നുവെങ്കില്‍ സ്വന്തം ചിത്രങ്ങള്‍ക്ക് മാത്രമായിരിക്കില്ല പണം മുടക്കുന്നതെന്നും, ചെറുചിത്രങ്ങളുടെ നിര്‍മ്മാണത്തില്‍ പങ്കാളിയാവണമെന്നുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. വര്‍ഷം നാലോ അഞ്ചോ സിനിമകളാണ് ഇപ്പോള്‍ ഞാന്‍ ചെയ്യാറ്. അതിനാല്‍ താല്‍പര്യമുള്ള എല്ലാ പ്രോജക്ടുകളുടെയും ഭാഗമാവാന്‍ കഴിയാറില്ല.

പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചാല്‍ അത്തരം ചിത്രങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുമെന്നതില്‍ എനിക്ക് വിശ്വാസമുണ്ട്. മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ മലയാളത്തിലെ അരങ്ങേറ്റചിത്രം ‘സോളോ’യാണ് ദുല്‍ഖറിന്റേതായി ഇനി തീയേറ്ററുകളിലെത്താനുള്ളത്.