ഡല്‍ഹിയില്‍ സ്വകാര്യ ആശുപത്രിയില്‍ മലയാളി നഴ്‌സ് ആത്മഹത്യയ്ക്കു ശ്രമിച്ചു; വ്യാപക പ്രതിഷേധം

single-img
30 September 2017

തൊഴില്‍ ചൂഷണം ചോദ്യം ചെയ്തതിന്റെ പേരില്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ട മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ അപകടനില തരണം ചെയ്തു. ഡല്‍ഹിയിലെ ഐഎല്‍ബിഎല്‍ ആശുപത്രിയിലെ നഴ്‌സാണ് ആശുപത്രിയിലെ ശുചിമുറിയില്‍ കൈ ഞരമ്പു മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.

ആലപ്പുഴ സ്വദേശിനിയായ ഈ യുവതി അഞ്ചുവര്‍ഷത്തോളമായി ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്നു. നഴ്‌സുമാരെ പീഡിപ്പിക്കുന്ന തരത്തിലുള്ള ആശുപത്രി അധികൃതരുടെ സമീപനത്തിനെതിരെ ഇവരുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ളവര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു.

ഇതിന് പ്രതികാരമെന്നോണം ഇന്നലെ ഉച്ചയോടെ ആശുപത്രി അധികൃതര്‍ ഇവരെ പിരിച്ചു വിട്ടതായി അറിയിച്ചു കൊണ്ട് നോട്ടീസ് നല്‍കി. ഇതില്‍ പ്രതിഷേധിച്ച് മലയാളികള്‍ അടക്കമുള്ള നഴ്‌സുമാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധസംഗമം സംഘടിപ്പിച്ചിരുന്നു.

പ്രതിഷേധത്തിനിടയില്‍ തന്റെ മകളെ സഹപ്രവര്‍ത്തകയെ ഏല്‍പിച്ച യുവതി ശുചിമുറിയില്‍ പോയി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം.