ഗള്‍ഫ് മലയാളികളില്‍ നിന്ന് സംവിധായകന്‍ ആഷിക്ക് അബു കോടിക്കണക്കിന് രൂപ വെട്ടിച്ചുവെന്ന് ആരോപണം

single-img
30 September 2017

സംവിധായകന്‍ ആഷിക് അബുവിനെതിരെ ഗുരുതര ആരോപണവുമായി ദിലീപ് ഓണ്‍ലൈന്‍ രംഗത്ത്. ആഷിക് അബു നൂറു കണക്കിന് പാവപ്പെട്ട ചെറുപ്പക്കാരുടെ പക്കല്‍ നിന്നും ലാഭം കൊടുക്കാം എന്ന പേരില്‍ കോടിക്കണക്കിന് രൂപ സമാഹരിച്ചെന്നാണ് ആരോപണം.

ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ദിലീപ് ഓണ്‍ലൈന്‍ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. താങ്കള്‍ കുറെ നാളുകളായി കേരളത്തെ രക്ഷിക്കുവാനും കേരളത്തിലെ ജനതയെ ഉദ്ധരിക്കുവാനും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. ഒരു കാര്യം ചോദിച്ചാല്‍ മറുപടി പറയുവാനുള്ള സമയം കണ്ടെത്തണമെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

അബുദാബിയിലുള്ള റഹ്മാന്‍ എന്നയാളുമായി ചേര്‍ന്ന് പത്ത് കോടി രൂപ മുതല്‍മുടക്കില്‍ ദുബായില്‍ വണ്‍ എം ടു എന്നൊരു പ്രൊഡക്ഷന്‍ സ്റ്റുഡിയോ ആരംഭിക്കുകയും കമ്പനിയുടെ മൂലധനത്തിലേയ്ക്കായി ആളുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ സമാഹരിക്കുകയും ചെയ്തുവെന്നും കുറിപ്പില്‍ പറയുന്നു.

ശ്രീകാന്ത് എന്നയാള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ധാരണാപത്രത്തിന്റെ പകര്‍പ്പിനൊപ്പമാണ് ഈ ആരോപണം ഉയര്‍ത്തിക്കാണിക്കുന്നത്. 2014 ഒക്ടോബറിലാണ് ആഷിക് അബുവിന്റെ ഉടുസ്ഥതിയിലുള്ള ഡ്രീം മില്‍ സിനിമാസ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡും ശ്രീകാന്ത് എന്നയാള്‍ മാനേജിങ് പാര്‍ടണറായ വണ്‍നസ് മീഡിയ മില്ലും തമ്മില്‍ കരാറുണ്ടാക്കിയത്.

ഈ പണം ഉപയോഗിച്ചാണ് മഹേഷിന്റെ പ്രതികാരം എന്ന സിനിമ നിര്‍മിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു. 50 ഡിഗ്രി ചൂടില്‍ സൂപ്പര്‍മാര്‍ക്കറ്റുകളും ചായക്കടകളിലും പണിയെടുത്ത് ഉണ്ടാക്കിയ പണമാണ് ആ പാവങ്ങള്‍ താങ്കളെ വിശ്വസിച്ച് ഏല്‍പ്പിച്ചത്.

ഏകദേശം നാലരക്കോടി രൂപയാണ് താങ്കള്‍ ആ സിനിമക്കായി കൈപ്പറ്റിയത്. എന്നാല്‍ സിനിമക്ക് ഏകദേശം രണ്ടരക്കോടിയെ ചിലവായുള്ളൂവെന്നും പോസ്റ്റില്‍ പറയുന്നു. പതിനൊന്ന് കോടിയോളം രൂപ ലാഭമുണ്ടാക്കിയ ചിത്രത്തിന്റെ പോസ്റ്ററിലോ സ്‌ക്രീനിലോ യഥാര്‍ഥ നിര്‍മാതാക്കളുടെ പേര് വയ്ക്കുകയോ അവര്‍ക്ക് മുടക്ക്മുതലോ ലാഭവിഹിതമോ നല്‍കിയില്ലെന്നും ആരോപണമുണ്ട്.

അവരുടെ പേരിലല്ല എഗ്രിമെന്റ് എഴുതിയത് എന്നതാണ് താങ്കളുടെ ധൈര്യം. അവര്‍ വീട്ടുപടിക്കലേക്ക് മാര്‍ച്ച് ചെയ്താല്‍ രാഷ്ട്രീയക്കാരെ കൂട്ടുപിടിച്ച് അവരെ അടിച്ചോടിക്കാമെങ്കിലും അവരുടെ കണ്ണീര്‍ താങ്കളെ വേട്ടയാടുമെന്നും പോസ്റ്റില്‍ പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ നിലപാടുകള്‍ എടുത്തിട്ടുള്ള ആളാണ് ആഷിക് അബു. ആഷിക് അബുവിന്റെ ഭാര്യയും നടിയും ആയ റീമ കല്ലിങ്ങല്‍ വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ മുന്‍ര പ്രവര്‍ത്തകരില്‍ ഒരാളും ആണ്.

ദിലീപ് ചിത്രമായ രാമലീലയെ പിന്തുണച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട സംവിധായകന്‍ ലാല്‍ ജോസിനെ കഴിഞ്ഞ ദിവസം ആഷിക് അബു ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നേരത്തെ തന്നെ ആഷികിനെതിരെ പല ആരോപണങ്ങളും ഉന്നയിച്ചവരാണ് ദിലീപ് ഓണ്‍ലൈന്‍.