ബോളിവുഡ് നടനും സംവിധായകനും എഴുത്തുകാരനുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു

single-img
30 September 2017

മുംബൈ: ബോളിവുഡ് നടനും സംവിധായകനും എഴുത്തുകാരനുമായ ടോം ആള്‍ട്ടര്‍(67) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ചര്‍മത്തിലെ അര്‍ബുദത്തിന്റെ നാലാം സ്റ്റേജിലായിരുന്നു ആള്‍ട്ടര്‍. 300ല്‍ അധികം ചിത്രങ്ങള്‍ അഭിനയിച്ച ആള്‍ട്ടര്‍ക്ക് 2008 ല്‍ പദ്മശ്രീ ബഹുമതി നല്‍കി രാജ്യം ആദരിച്ചിരുന്നു.

1976ല്‍ പുറത്തിറങ്ങിയ ചരസിലൂടെയാണ് അദ്ദേഹം സിനിമ ലോകത്തേക്ക് പ്രവേശിച്ചത്. പിന്നീട് ശത് രഞ്ച് കേ കിലാഡി, ക്രാന്തി, രാ തേരി ഗംഗ, ഗാന്ധി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. 1990കളില്‍ അഞ്ച് വര്‍ഷം പ്രക്ഷേപണം ചെയ്ത ജുനൂര്‍ എന്ന സീരിയലിലെ അഭിനയം അദ്ദേഹത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തു.

1950ല്‍ മസൂറിയിലാണ് അമേരിക്കന്‍ വംശജനായ ആള്‍ട്ടര്‍ ജനിച്ചത്. അമേരിക്കയില്‍ ഉപരിപഠനത്തിന് ശേഷം അദ്ദേഹം1970 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. പിന്നീട് 1972ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം നേടി അഭിനയത്തില്‍ സ്വര്‍ണമെഡലോടെയാണ് പാസായത്. ബംഗാളി, അസമീസ്, തെലുഗു, തമിഴ്, കുമാഓണി ഭാഷകളിലെ സിനിമകളിലും അഭിനയിച്ചു. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി, വണ്‍ നൈറ്റ് വിത് ദി കിങ് തുടങ്ങിയ വിദേശ ചിത്രങ്ങളിലും അഭിനയിച്ചു.