ഷാര്‍ജ ഭരണാധികാരി വാക്കുപാലിച്ചു; ഷാര്‍ജ ജയിലില്‍ 149 ഇന്ത്യക്കാര്‍ മോചിതരായി

single-img
29 September 2017

ഷാര്‍ജയില്‍ തടവില്‍ കഴിയുന്ന മലയാളികളടക്കം 149 ഇന്ത്യക്കാര്‍ മോചിതരായി. ഷാര്‍ജ ഭരണാധികാരി ഡോ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് നടപടി. ചെറിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരാണ് മോചിതരായത്.

മോചിപ്പിക്കപ്പെട്ടവരിൽ ചിലർ വ്യാഴാഴ്ചതന്നെ നാട്ടിലേക്കു തിരിച്ചു. ബാക്കിയുള്ളവർ വെള്ളിയാഴ്ചയോടെ മടങ്ങുമെന്ന് ഷാർജ പൊലീസ് വ്യക്തമാക്കി.

ഇവരുടെ 36 കോടി രൂപയോളം വരുന്ന ബാധ്യതകൾ ഷാർജ ഭരണാധികാരി തന്നെ അടച്ചുതീർത്തു. ചെക്ക് കേസുകളിലും സിവിൽ കേസുകളിലും കുടുങ്ങി മൂന്നു വർഷത്തിലേറെയായി ജയിൽവാസം അനുഭവിക്കുന്നവരെ മോചിപ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥന കണക്കിലെടുത്താണ് ഷെയ്ഖ് സുൽത്താൻ ഇന്ത്യക്കാരുടെ മോചനം പ്രഖ്യാപിച്ചത്. ഇൗ പൊതുമാപ്പിന്റെ അടിസ്ഥാനത്തിൽ 149 ഇന്ത്യക്കാർ മോചിതരാകുമെന്ന് ഇരുവരും സംയുക്ത പ്രഖ്യാപനത്തിൽ അറിയിച്ചിരുന്നു.

ഷാര്‍ജ സുല്‍ത്താന്റെ കേരള സന്ദര്‍ശനത്തിലെ നിര്‍ണ്ണായക വഴിത്തിരിവാണ് തടവുകാരുടെ മോചനം. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഡി ലിറ്റ് ബിരുദം ഷാര്‍ജ ഭരണാധികാരിക്ക് സമ്മാനിച്ച ചടങ്ങിലായിരുന്നു പ്രഖ്യാപനം. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഷാര്‍ജയും കേരളവും തമ്മിലുള്ള ഊഷ്മള ബന്ധത്തെ കുറിച്ചും പരസ്പര സഹകരണം തുടരേണ്ടതിനെ കുറിച്ചും ഷാര്‍ജ ഭരണാധികാരിയും ഗവര്‍ണ്ണറും മുഖ്യമന്ത്രിയും പറഞ്ഞു.